നായര്‍ ബനവലന്റ് അസോസിയേഷന്‍ വിഷു വിപുലമായി ആഘോഷിച്ചു
Thursday, April 21, 2016 5:06 AM IST
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്‍, ഏപ്രില്‍ 17-നു രാവിലെ പതിനൊന്നു മുതല്‍ ഗ്ളെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിഷു ആഘോഷിക്കുകയുണ്ടായി. നീനാ കുറുപ്പ്, സുധാകരന്‍ പിള്ള, കലാ സതീഷ്, ശോഭാ കറുവക്കാട്ട്, വത്സമ്മ തോപ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വിഷുക്കണിക്ക് പിന്നണി പാടിയത് എന്‍.ബി.എ. മലയാളം സ്കൂളിലെ കുട്ടികളാണ്. ശ്രീമതി രാജേശ്വരി രാജഗോപാല്‍ സ്പോണ്‍സര്‍ ചെയ്ത വിഷുക്കൈനീട്ടം മുന്‍ പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ നല്കി. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തിന് ശേഷം പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും വിഷുവിന്റെ സര്‍വമംഗളങ്ങളും നേരുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

മുഖ്യാതിഥിയായി എത്തിയ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഡോ. ചന്ദ്രമോഹന്‍, വിഷുക്കണി ഒരുക്കേണ്ട വിധം എങ്ങനെയാണെന്നു വിശദീകരിക്കുകയുണ്ടായി. വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു.

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി സുനില്‍ നായര്‍, ഹ്യൂസ്റനില്‍ വച്ച് ഓഗസ്റ് 12, 13, 14 തീയതികളില്‍ നടക്കുന്ന നായര്‍ സംഗമം 2016നെ ക്കുറിച്ച് വിശദീകരിക്കുകയും സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

വിഭാവസമൃദ്ധമായ വിഷുസദ്യക്കു ശേഷം പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിച്ചു. മുന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍ നൂപുര ആര്‍ട്സ് എന്ന ഡാന്‍സ് സ്കൂളിലെ അധ്യാപിക ലക്ഷ്മി കുറുപ്പിനെ പരിചയപ്പെടുത്തുകയും കമ്യൂണിറ്റിക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്‍.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പ്രശംസാഫലകവും, ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ എന്‍.ബി.എ.യുടെ പേരില്‍ മുന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍ സ്പോണ്‍സര്‍ ചെയ്ത ഉപഹാരം നല്കുകയും ചെയ്തു.

ലക്ഷ്മി കുറുപ്പ് നേതൃത്വം കൊടുത്ത വിവിധ നൃത്തനൃത്യങ്ങള്‍ അരങ്ങേറുകയുണ്ടായി. ലക്ഷ്മി കുറുപ്പ് അവതരിപ്പിച്ച മോഹിനിയാട്ടം, രേവതി നായര്‍, ഗായത്രി നായര്‍, വാണി നായര്‍, ദിവ്യ, ആര്യ, മേഘ, ടീന, ഹെന്ന, മേഘ്ന തമ്പി, ഐശ്വര്യ ഹരി, മീര ഹരിലാല്‍, അഞ്ജലി മധു, സാനിയ നമ്പ്യാര്‍, നേഹ ബാബുരാജ്, ദേവിക പിള്ള, അന്ജിത അജയന്‍, വേദ ശബരിനാഥ്, ദേവിക കുമാര്‍, മീനു, രേണു ജയകൃഷ്ണന്‍, അഭിരാമി സുരേഷ്, അനുഷ്ക ബാഹുലേയന്‍, സൌമ്യ നായര്‍, അനഘ കുമാര്‍, ദീപിക കുറുപ്പ്, പ്രസീദ ഉണ്ണി, പ്രിയങ്ക ഉണ്ണി, നമ്രിത മേനോന്‍ എന്നിവര്‍ വിവിധ നൃത്തരൂപങ്ങള്‍ വളരെ ഭംഗിയോടും ചിട്ടയോടും അവതരിപ്പിക്കുകയുണ്ടായി.

അജിത് നായര്‍ ആലപിച്ച മേരേ നയനാ എന്ന ഹിന്ദി ഗാനം വളരെ ഹൃദ്യമായി. സന്ജിത് മേനോനും ഒരു ഗാനം ആലപിക്കുകയുണ്ടായി. വരുണ്‍, സന്‍ജിത് മേനോന്‍, നിതിന്‍ കുറുപ്പ്, പ്രണവ് എന്നിവര്‍ തബലയില്‍ താളമിട്ടുകൊണ്ട് സന്നിഹിതരായിരുന്നവുരുടെ മനം
കവര്‍ന്നു.

കലാ സതീഷ്, രേവതി നായര്‍, ബീന മേനോന്‍ എന്നിവരാണ് അസോസിയേഷനിലെ കുട്ടികളെ നൃത്തങ്ങള്‍ പഠിപ്പിച്ചത്. ശോഭാ കറുവക്കാട്ട് എം.സി.യായി പ്രവര്‍ത്തിച്ചു. രംഗ സജ്ജീകരണത്തിന് നേതൃത്വം കൊടുത്തത് സുധാകരന്‍ പിള്ളയാണ്. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ കലാപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍