വിചാരവേദിയില്‍ സോയാ നായരുടെ കവിതാ ചര്‍ച്ചയും കവിയരങ്ങും
Thursday, April 21, 2016 5:06 AM IST
ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയതി വൈകുന്നേരം 6.30-നു കേരള കള്‍ച്ചറല്‍ അസോസിയേഷനില്‍ ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദിയുടെ സമ്മേളനത്തില്‍ സോയാ നായരുടെ 'ഇണനാഗങ്ങള്‍' എന്ന കവിതാ സമാഹാരം ചര്‍ച്ച ചെയ്യ്തു. കൂടാതെ അമേരിയ്ക്കയിലെ അറിയപ്പെടുന്ന കവികള്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ച ഒരു പ്രത്യേക അനുഭവമായിരുന്നു.

സെക്രട്ടറി സാംസി കൊടുമണ്‍ സ്വാഗതം പറഞ്ഞു തുടങ്ങിയ സമ്മേളനത്തില്‍, മലയാളിക്ക് കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ രണ്ടു മൂന്നു മാസമായി സംഭവിച്ച തീരാനഷ്ടങ്ങളില്‍ അനുശോചനം അറിയിച്ചു. മലയാളികളുടെ പ്രിയ കവിയായ ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണാത്ഥം അദ്ദേഹത്തിന്റെ 'ഗോതമ്പു മണികള്‍' എന്ന കവിത ശബരിനാഥ് നായര്‍ അതീവ ഹൃദ്യമയി അവതരിപ്പിച്ചൂ. ജോണ്‍സണ്‍, എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്ന അക്ബര്‍ കക്കട്ടിലിനേയും കുറഞ്ഞ വാക്കുകളില്‍ അനുസ്മരിച്ചു.

തുടര്‍ന്നു സോയാ നായരെ സാംസി കൊടുമണ്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. കാല്പനികതയിലൂന്നി ഏകാന്തനിമിഷങ്ങളെ മധുരമുള്ള നൊമ്പരങ്ങളാക്കുന ഈ കവയിത്രി ഭാവിയുടെ ശുഭ പ്രതീക്ഷയാണെന്നു അദ്ദേഹം പ്രത്യാശിച്ചു. സോയാ നായര്‍ സദസ്യര്‍ക്കായി സ്വന്തം കവിത അവതരിപ്പിച്ചു.

ഡോ. ഷീല തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാഹിത്യം പദ്യമോ ഗദ്യമോ ആയിക്കൊള്ളട്ടെ ഹൃദയത്തിന്റെ പവിത്രീകരണമാണ് അതിന്റെ ലക്ഷ്യമെന്നും , ഭരതമുനി, അഭിനവ ഗുപ്തന്‍, ആനന്ദ വര്‍ദ്ധന്‍, വിശ്വനാഥന്‍ എന്നിവരെ ഉദാഹരിച്ചു പറഞ്ഞു. കാവ്യാനന്ദവും ബ്രഹ്മാനന്ദവും ഇരട്ടകളാണെന്നും അവര്‍ പറഞ്ഞു. ഡോ. നന്ദകുമാര്‍ സോയാ നായരുടെ കവിതയുടെ വിവിധ തലങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച പ്രബന്ധം വിജ്ഞന പ്രദം ആയിരുന്നു.

ഡോ. ശശിധരന്‍ സോയാ നായരുടെ കവിതകളെ സമീപിച്ചത് മറ്റൊരു തലത്തിലാണ്. ഭാരതീയ ദര്‍ശനങ്ങളിലൂന്നി കവിതയുടെ ആത്മാവിലേക്കിറങ്ങിയ അദ്ദേഹം സോയാ നായരുടെ 'ഒളിച്ചോട്ടം' ത്തിലൂടെ കടക്കവേ, സനാതന ധര്‍മത്തിനു മധ്യകാലഘട്ടത്തില്‍ വന്നു ചേര്‍ന്ന അപചയം നമ്മുടെ സമൂഹത്തെ അസമത്വത്തിന്റെ ആഴക്കയങ്ങളിലേക്ക് അമര്‍ത്തുന്നതിനു കാരണമായിട്ടുണ്ട് എന്ന് നിരീക്ഷിച്ചു. പ്രതികരിക്കേണ്ട സമയത്ത് സമൂഹത്തില്‍ നടക്കുന്ന അനീതിക്കും, അധാര്‍മികതയ്ക്കും എതിരെ പ്രതികരിയ്ക്കാതെ ഒളിച്ചോടിയാല്‍ ഭീഷ്മരെപ്പോലെ നാം ഒരോരുത്തരും ശരശയ്യയില്‍ കിടക്കേണ്ടി വരുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചാരിത്രം' എന്ന കവിത ഉദ്ധരിച്ചു കൊണ്ട്, ചരിത്രബോധമുള്ളവര്‍ക്കേ ചാരിത്ര ബോധം ഉണ്ടാകു എന്നും, നല്ല ചാരിത്രബോധമുള്ള ഭരണാധികാരികള്‍ക്കുമാത്രമേ പ്രബലരായ ഭരണാധികാരികളാകാന്‍ കഴിയുകയുള്ളു എന്നും, ചാരിത്ര ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് രാഷ്ട്രീയ രംഗത്തും, സാംസ്കാരിക രംഗത്തും സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഏറ്റവും വലിയ അപചയമെന്നും ഡോ. ശശിധരന്‍ ചൂണ്ടിക്കാട്ടി.

രണ്ടാം ഭാഗത്തില്‍ കവിയരങ്ങിനെത്തിയ കവികളെ ശബരിനാഥ് നായര്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. യഥാക്രമം അജിത് നായര്‍ (അമ്മ) ഗില്‍ഡാ സെബാസ്റ്യന്‍ (നഷ്ടപ്രണയം) കെ.കെ. ജോണ്‍സണ്‍ (കുരീപ്പുഴ ശ്രീകുമാറിന്റെ 'അമ്മ മലയാളം') രവി നായര്‍ (അന്ധന്‍) ബാബു പാറയ്ക്കല്‍ (നിലവിളക്കിന്റെ ഗദ്ഗദം) രാജു തോമസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കവിയരങ്ങു സംഘടിപ്പിച്ച ശബരിനാഥിന് പ്രത്യേക നന്ദി അറിയിച്ചു, ഒപ്പം വിചാരവേദിയില്‍ സംബന്ധിച്ച എല്ലാവരോടും സാംസികൊടുമണ്‍ തന്റെ നന്ദി അറിയിച്ചുകൊണ്ട് യോഗനടപടികള്‍ അവസാനിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം