കെഫാക് അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് : തിരുവനന്തപുരത്തിനും കോഴിക്കോടിനും വിജയം
Wednesday, April 20, 2016 9:07 AM IST
കുവൈത്ത്: കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം, കോഴിക്കോട് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. മറ്റു മത്സരങ്ങളില്‍ മലപ്പുറം പാലക്കാടിനോടും തൃശൂര്‍ എറണാകുളത്തിനോടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ആദ്യ മത്സരത്തില്‍ ശക്തരായ മലപ്പുറത്തെ പാലക്കാടു ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇരു ടീമുകളും നിരവധി അവസരങ്ങളാണു പാഴാക്കിയത്. പാലക്കാടിന്റെ താരം ശരീഫ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായി. രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാസര്‍ഗോഡിനെ പരാജയപ്പെടുത്തി കോഴിക്കോട് ബി തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. കോഴിക്കോട് താരം ഇന്‍സമാം മാന്‍ ഓഫ് ദി മാച്ചായി. തുടര്‍ന്നു നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കു കോഴിക്കോട് എ ടീമിനെ തകര്‍ത്ത് തിരുവനന്തപുരം ആദ്യ ജയം സ്വന്തമാക്കി. ഇരട്ട ഗോള്‍ നേടിയ നിജിനും ഒരു ഗോള്‍ നേടിയ ഷൈന്‍ മാര്‍ഷലുമാണു തിരുവനന്തപുരത്തിന്റെ വിജയം അനായസമാക്കിയത്. കളിയിലെ താരമായി നിജിനെ തെരഞ്ഞെടുത്തു. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു എറണാകുളം ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ആക്രമണ ഫുട്ബോളുമായി കളത്തിലിറങ്ങിയ തൃശൂരിനെ എറണാകുളത്തിന്റെ പ്രതിരോധം പിടിച്ചു കെട്ടൂന്ന കാഴ്ചയാണു കണ്ടത്. മികച്ച സേവുകള്‍ നടത്തിയ എറണാകുളത്തിന്റെ ഗോള്‍കീപ്പര്‍ സാലിയാണു കളിയിലെ താരം.

വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ കണ്ണൂര്‍ എറണാകുളത്തേയും തിരുവനന്തപുരം വയനാടിനെയും കാസര്‍ഗോഡ് തൃശൂരിനെയും മലപ്പുറം കോഴിക്കോട് എ ടീമിനെയും നേരിടും.

കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍