സീറോ മലബാര്‍ സഭയുടെ യുവജന കണ്‍വന്‍ഷനു അഡ്ലെയ്ഡില്‍ തുടക്കം കുറിച്ചു
Wednesday, April 20, 2016 9:03 AM IST
അഡ്ലൈഡ്: മെല്‍ബണ്‍ രൂപതയുടെ കീഴില്‍ നടക്കുന്ന യുവജന കണ്‍വന്‍ഷനു അഡ്ലൈഡില്‍ തുടക്കം കുറിച്ചു. സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ യുവജന വിഭാഗം ഡയറക്ടര്‍ ഫാ. വിനോദ് മടത്തിപറമ്പിലും അമേരിക്കയിലെ കത്തോലിക്ക യുവജന പ്രഭാഷകന്‍ ബ്രയാന്‍ മുണ്ടക്കലുമാണ് കണ്‍വന്‍ഷന്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അഡ്ലൈഡിലെ തെബാര്‍ട്ടന്‍ പരിഷ് ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ചാപ്ളെയിന്മാരായ ഫാ. ബിജു ചുളയില്ലാപൊയ്കലും ഫാ. ഫ്രെഡി എലവുത്തിങ്കലും മറ്റു കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ്.

ഏപ്രില്‍ 19, 20, 21 തീയതികളില്‍ വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെയാണ് കണ്‍വന്‍ഷന്‍. അഡ്ലെയ്ഡിലെ മൂന്നു ഏരിയകളിലുള്ള പാരിഷില്‍നിന്നുളള യുവജനങ്ങളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കണ്‍വന്‍ഷനുശേഷം മൂന്നു ഇടവകളിലെയും യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഓരോ ഇടവകയിലും യുവജനസംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് വൈദികര്‍ അറിയിച്ചു. സാമൂഹികപ്രതിബദ്ധതയുള്ള യുവജനങ്ങളെ വാര്‍ത്തെടുക്കുവാനും സമൂഹത്തിന് ഗുണകരമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാനും അതുവഴി സംഘടകമികവുള്ള യുവജനങ്ങള്‍ വളര്‍ന്നു വരുവാനും പുതിയ സംഘടന വഴിതെളിക്കുമെന്നു വൈദികരും ഭാരവാഹികളും പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ആന്റണി മാവേലി