ഓയില്‍ മേഖലയിലെ സമരം തുടരുന്നു : ഉത്പാദനം കുറഞ്ഞു
Wednesday, April 20, 2016 5:10 AM IST
കുവൈത്ത്: തൊഴിലാളി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നു ആരംഭിച്ച എണ്ണ മേഖലയിലെ സമരം തുടരുന്നു. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചും വിവിധ തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. അതേസമയം, പെട്രോളിയം മേഖലയിലെ ജോലിക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയും അതുവഴി രാജ്യത്തിന്റെ പൊതുമുതലില്‍ നഷ്ടംവരുത്താനും കാരണക്കാരായ തൊഴിലാളിയൂനിയന്‍ നേതാക്കളെ സര്‍ക്കാര്‍ പ്രോസിക്യൂഷന് കൈമാറുമെന്ന് സാമൂഹിക, തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീര്‍ പറഞ്ഞു.പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ സമരത്തിനെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

സമരത്തിന്റെ ഭാഗമായി പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 11 ബാരലായി കുറഞ്ഞു. സംസ്കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും ഗണ്യമായി ഇടിവ് രേഖപ്പെടുത്തി . പ്രതിദിനം 930000 ബാരല്‍ ഉല്‍പ്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് 520000 ബാരല്‍ ആയാണ് കുറഞ്ഞത്. എന്നാല്‍ രാജ്യത്തെ ഓയില്‍ കമ്പനികള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചതായും ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തടസ്സമില്ലാതെ കയറ്റുമതി ചെയ്യുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍