കാരുണ്യസ്പര്‍ശവുമായി 'ലൈറ്റ് ഇന്‍ ലൈഫ്' സ്വിറ്റ്സര്‍ലന്റ്
Wednesday, April 20, 2016 5:09 AM IST
സൂറിച്ച്: പങ്കുവെയ്ക്കുന്നതാണ് ഈശ്വരസാക്ഷാത്കാരം എന്നു വിശ്വസിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി കണ്ണുകളടച്ച് ഈശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന  നിസ്വാര്‍ത്ഥസേവനം നടത്തിവരുന്ന സ്വിറ്റ്സര്‍ലന്റ് ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയാണ് 'ലൈറ്റ് ഇന്‍ ലൈഫ്'.

ഇടുക്കി ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള നിര്‍ധനരും നിരാലംബരുമായ നിരവധി കുടുംബങ്ങള്‍ക്ക്, അന്ധകാരത്തിലൂടെയുള്ള ജീവിതപ്രയാണത്തില്‍ ചെറിയൊരു പ്രകാശം നല്കി വഴികാട്ടുകയാണ് ഈ സംഘടന. ഇതുവരെ മൂന്നുഘട്ടങ്ങളിലായി ഇടുക്കി മലയോരഗ്രാമങ്ങളില്‍ മാത്രം 41 ലക്ഷം രൂപ ധനസഹായം ചെയ്തുകൊണ്ട് 41 വീടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ 'ലൈറ്റ് ഇന്‍ ലൈഫി'നു സാധിച്ചുവെന്നള്ളത് അഭിമാനകരമാണ്്.

ഇടുക്കി ജില്ലയുടെ സഹകരണത്തോടെയാണ് ജാതിമതഭേദമില്ലാതെ ഈ പദ്ധതികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രൂപതാ ബിഷപ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ അനുഗ്രഹത്തോടും ആശീര്‍വാദത്തോടുംകൂടി, രൂപതാ പ്രോക്യൂറൈറ്റര്‍ റവ. ഡോ. ജോര്‍ജ് കുഴിപ്പള്ളില്‍ ആണു ഈ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത്.

ഭവനനിര്‍മ്മാണപദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി ഈവര്‍ഷം പത്തു വീടുകളുടെ നിര്‍മ്മാണം ലൈറ്റ് ഇന്‍ ലൈഫ് ഏറ്റെടുത്തു. 2016 ഏപ്രില്‍ 21-നു ഇടുക്കിരൂപതാ ആസ്ഥാനത്തൂ നടന്ന ചടങ്ങില്‍ 'ലൈറ്റ് ഇന്‍ ലൈഫി'ന്റെ പ്രതിനിധി ജോര്‍ജ് നടുവത്തെട്ട് പത്തു വീടുകള്‍ക്കുള്ള ധനസഹായമായി 15 ലക്ഷം രൂപയുടെ ചെക്ക് ഇടുക്കി രൂപതാ ബിഷപ് മാര്‍ ആനിക്കുഴിക്കാട്ടിലിനു കൈമാറി.

ഈ വര്‍ഷം മൊത്തം 75 ലക്ഷം രൂപയുടെ ക്ഷേമപ്രവര്‍ത്തനമാണ് ലൈറ്റ് ഇന്‍ ലൈഫ് ലക്ഷ്യമിടുന്നത്. രണ്ടര വര്‍ഷംകൊണ്ട് ഏതാണ് ഒരുകോടി പത്തുലക്ഷം രൂപ സഹായധനം നല്‍കി ജീവകാരുണ്യരംഗത്ത്  സ്തുത്യര്‍ഹമായ സേവനമാണ് സംഘടന നിര്‍വഹിക്കുന്നത്.