ജര്‍മനിയിലെ ഗുരുദ്വാര സ്ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘം
Wednesday, April 20, 2016 5:09 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ നോര്‍ഡ്റൈന്‍ വെസ്റ്റ്ഫാളന്‍ സംസ്ഥാനത്ത് എസെനിലെ ഗുരുദ്വാരയില്‍ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. തിങ്കളാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കൌണ്‍സല്‍ ജനറല്‍ രവീഷ് കുമാര്‍ ഗുരുദ്വാര സന്ദര്‍ശിക്കുകയും എസെന്‍ മേയര്‍, പൊലീസ് കമ്മീഷണര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനമെടുത്തത്. ഈ പ്രദേശത്ത് സിക്ക് മതവിശ്വാസികളുടെ സുരക്ഷക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും മേയറും, പൊലീസ് കമ്മീഷണറും ഉറപ്പുനല്‍കി. ഗുരുദ്വാരയുടെ പ്രധാന വാതിലിനു സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സിക്ക് പുരോഹിതനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍