ചര്‍ച്ച് ഓഫ് നോര്‍വേയില്‍നിന്ന് വിശ്വാസികള്‍ അകലുന്നു
Tuesday, April 19, 2016 8:45 AM IST
ഓസ്ലോ: ചര്‍ച്ച് ഓഫ് നോര്‍വേയിലെ അംഗങ്ങളുടെ എണ്ണം കുത്തനെ കുറയുന്നു. വിശ്വാസികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകാന്‍ കാരണം, സ്വവര്‍ഗ വിവാഹത്തിനു സഭ അനുമതി നല്‍കിയതാണെന്നു നിഗമനം.

ഈ വര്‍ഷം മാത്രം 4200 പേര്‍ സഭാംഗത്വം ഉപേക്ഷിച്ചു കഴിഞ്ഞു. ഉപേക്ഷിക്കുന്നവരുടെ എണ്ണം ദിവസേന കൂടുകയും ചെയ്യുന്നു. ഏപ്രിലിന്റെ ആദ്യ പകുതിയില്‍ സഭ വിട്ടവരുടെ എണ്ണം ഇതുവരെ ഏത് അര്‍ധ മാസത്തിലേതിനേക്കാളും കൂടുതലാണ്.

ജനുവരിയില്‍ 900 പേരാണ് സഭ വിട്ടതെങ്കില്‍ ഈ മാസം ഇതുവരെ മാത്രം 1092 പേര്‍ സഭ വിട്ടു കഴിഞ്ഞു.

ഇതിനെ നാടകീയമെന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഓരോ അംഗത്തിന്റേയും നഷ്ടം ദൌര്‍ഭാഗ്യകരംതന്നെയെന്നു സഭാ വക്താവ് ഒലെ ഇംഗെ ബെക്കെലന്‍ഡ്.

സ്വവര്‍ഗവിവാഹം അനുവദിക്കുന്നതിനെക്കുറിച്ച് സഭ ചര്‍ച്ച ചെയ്തു തുടങ്ങിയ 2014ല്‍ 9000 പേര്‍ അംഗത്വം ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍