അടുത്ത തെരഞ്ഞെടുപ്പിലും മെര്‍ക്കല്‍തന്നെ സിഡിയുവിനെ നയിക്കും
Tuesday, April 19, 2016 8:44 AM IST
ബെര്‍ലിന്‍: അഭയാര്‍ഥി നയത്തിന്റെ പേരില്‍ രാജ്യത്തിനകത്തും പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ നേരിടുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിലും ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

അടുത്ത വര്‍ഷമാണ് ഇനി തെരഞ്ഞെടുപ്പു നടക്കുക. സിഡിയുവിന്റെ യോഗത്തില്‍ നേതൃമാറ്റം കാര്യമായി ഉന്നയിക്കപ്പെട്ടതുപോലുമില്ല. കഴിഞ്ഞ മൂന്നു സ്റേറ്റ് ഇലക്ഷനുകളില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. തീവ്ര വലതുപക്ഷക്കാരായ എഎഫ്ഡിയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതു മാത്രമാണ് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടത്.

അടുത്ത തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ പാര്‍ട്ടിയെ നയിക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടത്. ഈ യോഗത്തോടെ അത് ഉറപ്പായി, യോഗത്തിനുശേഷം ഒരു പ്രമുഖ നേതാവ് പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍, നികുതി വെട്ടിപ്പ് കൂടാതെയുള്ള നിക്ഷേപസൌഹാര്‍ദം വര്‍ധിപ്പിക്കല്‍, ജനസംഖ്യാ ഘടനയിലെ മാറ്റത്തിന് അനുസൃതമായി പെന്‍ഷന്‍ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയവയാകും പാര്‍ട്ടി മുന്നോട്ടു വയ്ക്കാന്‍ പോകുന്ന അജണ്ട എന്നും ഏകദേശ ധാരണയായി.

ഇതിനുപുറമേ, ആഭ്യന്തര, സുരക്ഷാ നയങ്ങളിലും കാര്യമായ പൊളിച്ചെഴുത്തു പ്രതീക്ഷിക്കാം. വര്‍ധിച്ചു വരുന്ന ഭീകരവാദ ഭീഷണി കണക്കിലെടുത്താണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍