മാര്‍പാപ്പ ഞങ്ങളുടെ രക്ഷകന്‍: സിറിയന്‍ അഭയാര്‍ഥികള്‍
Monday, April 18, 2016 9:13 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയാണ് തങ്ങളുടെ രക്ഷകനെന്ന് ഒരു കൂട്ടം സിറിയന്‍ അഭയാര്‍ഥികള്‍. ഗ്രീസിലെ ലെസ്ബോസ് ദ്വീപ് സന്ദര്‍ശത്തിനിടെ അദ്ദേഹം അഭയം ഉറപ്പു നല്‍കിയ സംഘമാണു നന്ദി അറിയിക്കുന്നത്.

അഭയാര്‍ഥികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചനയെന്നോണം 12 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാനാണു ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ തീരുമാനിച്ചത്. സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) നയത്തോടുള്ള വിയോജിപ്പുകൂടിയായി ഈ നടപടി വിലയിരുത്തപ്പെടുന്നു.

ഗ്രീക്ക് ദ്വീപിലെ ലെസ്ബോസില്‍നിന്ന് മടക്കി അയയ്ക്കാനിരുന്ന അഭയാര്‍ഥികളാണു മാര്‍പാപ്പയുടെ കരുണയ്ക്കു പാത്രമായിരിക്കുന്നത്. അഭയാര്‍ഥി പ്രതിസന്ധിയുടെ ആഴം അവലോകനം ചെയ്യുന്നതിന് ദ്വീപിലത്തിെയതായിരുന്നു അദ്ദേഹം.

ദ്വീപില്‍ അഞ്ചുമണിക്കൂര്‍ ചെലവിട്ട മാര്‍പാപ്പ ഓര്‍ത്തഡോക്സ് സഭാ നേതാവ് ബര്‍ തലോമിയോ, ഗ്രീക് ആര്‍ച്ച് ബിഷപ് ഐറോസ് എന്നിവരുമായി സംഭാഷണം നടത്തി.

സിറിയയില്‍നിന്ന് അഭയംതേടിയത്തിെയ മൂന്നു കുടുംബങ്ങളിലെ അംഗങ്ങളാണ് ശനിയാഴ്ച പോപ്പിനോടൊപ്പം വത്തിക്കാനിലേക്കു തിരിച്ചത്. സംഘത്തിലെ ആറു പേര്‍ കുട്ടികളാണ്. ദ്വീപിലെ അഭയാര്‍ഥി ക്യാമ്പിലും അഭയാര്‍ഥികളെ തടഞ്ഞുവച്ച ജയിലുകളിലും കരളലിയിക്കുന്ന കാഴ്ചകളായിരുന്നു പോപ്പിനെ കാത്തിരുന്നത്.

കുടുസുമുറികളില്‍ വിലപിക്കുന്ന നൂറുകണക്കിനു മനുഷ്യപുത്രന്മാര്‍ക്കുവേണ്ടി പോപ് പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു.

ദുരന്തത്തില്‍ അഭയാര്‍ഥികള്‍ ഒറ്റയ്ക്കല്ലെന്നും ഈ യാതനകള്‍ ദൈവം മനസിലാക്കുന്നുവെന്നും മാര്‍പാപ്പ അഭയാര്‍ഥികളെ സമാശ്വസിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍