യൂത്ത് ഇന്ത്യ ചോക്കോ നുട്ട സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഫഹാഹീല്‍ ചാമ്പ്യന്മാര്‍
Monday, April 18, 2016 5:02 AM IST
കുവൈത്ത് സിറ്റി: രണ്ടാമത് യൂത്ത് ഇന്ത്യ ചോക്കോ നുട്ട സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ ടീം ചാമ്പ്യന്മാരായി. യൂത്ത് ഇന്ത്യ ഫഹാഹീല്‍ മംഗഫ് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജലീബ് ടീമിനെ കീഴടക്കിയാണ് ഫഹാഹീല്‍ ടീം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കിയത്.

മത്സരത്തിന്റെ ഇരുപകുതികളിലായി ജിബുവാണു ചാമ്പ്യന്മാര്‍ക്കുവേണ്ടി ഗോളുകള്‍ നേടിയത്. എട്ടു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റിലെ സെമി ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അബൂഹലീഫ ടീമിനെ പരാജയപ്പെടുത്തി ഫഹാഹീല്‍ ടീം ഫൈനലില്‍ പ്രവേശിച്ചപ്പോള്‍, റിഗായ് ടീമിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണു ജലീബ് കലാശക്കളിക്ക് യോഗ്യത നേടിയത്.

ജേതാക്കള്‍ക്ക് യൂത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും കാഷ് അവാര്‍ഡും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് വിതരണം ചെയ്തു. റണ്ണറപ്പായ ജലീബ് ടീം റണ്ണേസ്അപ്പ് ട്രോഫിയും കാഷ്അവാര്‍ഡും ചോക്കോനുട്ട മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നസീമില്‍ നിന്നും ഏറ്റുവാങ്ങി. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി ഫഹാഹീല്‍ ടീമിലെ ഫൈസല്‍ അബ്ദുല്ലയേയും മികച്ച കളിക്കാരനായി ഫഹാഹീല്‍ ടീമിലെ ജിബുവിനെയും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പെനാള്‍ട്ടി ഷൂട്ടൌട്ട് മത്സരത്തില്‍ മിന്‍ഷാദ് ജേതാവായി.

ഫഹാഹീല്‍ സൂക്ക്സബ പബ്ളിക് അതോറിറ്റി സ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന സെഷനില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ്, ചോക്കോനുട്ട മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നസീം എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

യൂത്ത് ഇന്ത്യ ഫഹാഹീല്‍ യൂണിറ്റ് പ്രസിഡന്റ് ഉസാമ അബ്ദുറസാഖ്, മംഗഫ് യൂണിറ്റ് പ്രസിഡന്റ് നിയാസ്, യൂത്ത് ഇന്ത്യ കേന്ദ്ര കായിക വിഭാഗം കണ്‍വീനര്‍ സനൂജ് സുബൈര്‍ എന്നിവര്‍ മറ്റു സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് റാഫി, മുസ്തഫ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍