നെടുമങ്ങാട് സ്വദേശി രാജേഷ് കൃഷ്ണന്റെ ദുരിത പര്‍വ്വം അവസാനിക്കുന്നില്ല
Sunday, April 17, 2016 2:23 AM IST
കുവൈത്ത് സിറ്റി: കുവൈറ്റില്‍ കാദിം വിസയിലെത്തിയ രാജേഷ് കുട്ടികളില്ലാതിരുന്നതിന്റെ ദു:ഖം അകറ്റുവാന്‍ വേണ്ടിയാണ് ഭാര്യയെ മറ്റൊരു കാദിം വിസയില്‍ കുവൈറ്റിലെത്തിച്ചത്. അവര്‍ താമസിച്ചിരുന്ന ഒരുമുറി ഫ്ളാറ്റില്‍ രണ്ട് വര്‍ഷം മുമ്പുണ്ടായ തീപിടുത്തത്തില്‍ രാജേഷിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. മരണപെട്ട രാജേഷിന്റെ ഭാര്യയുടെ ഭൌതീക ശരീരം നാടിലെത്തിക്കുവാന്‍ എല്ലാ സഹായവും ചെയ്തത് കല കുവൈത്ത് പ്രവര്‍ത്തകരാണ്. നാട്ടില്‍ നിന്നും തിരിക്കുമ്പോള്‍ തന്നെ ഹൃദയസംബന്ധമായ അസുഖബാധിതനായിരുന്നു രാജേഷ്. സാധാരണ ജീവിതം നയിക്കുന്നതിന് അതൊരു പ്രതിബന്ധമാകില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ചാണ് രാജേഷ് കുവൈത്തിലേക്കു വിമാനം കയറിയത്. ആറു വര്‍ഷം ഇവിടെ രാജേഷിനു സാധാരണ ജീവിതം നയിക്കുവാന്‍ കഴിഞ്ഞിരുന്നു. ഭാര്യയുടെ വേര്‍പാട് രാജേഷിനെ മാനസീകമായും ശാരീരികകമായും തളര്‍ത്തി. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിത്തുടങ്ങി. തനിക്ക് നെഞ്ചില്‍ വേദയുണ്െടന്നും ചികിത്സ ആവശ്യമാണെന്നും രാജേഷ് സ്പൊണ്‍സറോടു പറഞ്ഞുവെങ്കിലും അദ്ദേഹം ചികിത്സ നിഷേധിക്കുകയും മര്‍ദിക്കുകയുമാണ് ചെയതതെന്ന് രാജേഷ് പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇഖാമ കാന്‍സല്‍ ചെയ്തു നാട്ടിലയക്കുന്നതിനു രാജേഷ് ആവശ്യപ്പെട്ടു. ഇക്കാമ കാന്‍സല്‍ ചെയ്തുവെങ്കിലും ഹൃദ്രോഗം കലശലായ രാജേഷിനെ ആദാന്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അണുബാധയുണ്ടായ രാജേഷിനു ദീര്‍ഘകാലം ആശുപത്രിയില്‍ തങ്ങേണ്ടതായി വന്നതിനാല്‍ നല്കിയിരുന്ന എക്സിറ്റ് കാലാവധി അവസാനിച്ചു.

നാട്ടിലെത്തിക്കുന്നതിനും തുടര്‍ചികിത്സക്കും ജീവിതത്തിലേക്കു മടങ്ങിവരുന്നതിനും രാജേഷിന് സഹായം ആവശ്യമാണ്. കല കുവൈറ്റിന്റെ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടേയും സഹായത്താല്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. രാജേഷിനെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് കല കുവൈറ്റ് പ്രവര്‍ത്തകരായ തോമസ് മാത്യു കടവില്‍ (97522614), സൈജു ടി.കെ (60315101), ജിജോ ഡോമിനിക് (97264683), രമേശ് കണ്ണപുരം (60388988) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍