ഡിഎംഎ ദിനാഘോഷം നടത്തി
Saturday, April 16, 2016 8:14 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിഎംഎ ദിനം ഏപ്രില്‍ 14നു റാഫി മാര്‍ഗിലെ മാവാലങ്കാര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അഭ്യുദയകാംക്ഷികളും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഉപദേഷ്ടാവും ജപ്പാന്‍ ഗവണ്‍മെന്റിന്റെ 'ഓര്‍ഡര്‍ ഓഫ് റൈസിംഗ് സണ്‍' (ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ സ്റാര്‍) അവാര്‍ഡ് ജേതാവും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലെ സജീവ പ്രവര്‍ത്തകനുമായ ടി.കെ.എ. നായരെ ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്കാരം നല്‍കി ആദരിച്ചു. ഡിഎംഎ കരോള്‍ ബാഗ് ഏരിയയുടെ ചെയര്‍മാനായും സെക്രട്ടറിയായും ഖജാന്‍ജിയായും കേന്ദ്രകമ്മിറ്റി നിര്‍വാഹക സമിതി അംഗമായും അന്തര്‍രാജീയ കഥകളി കേന്ദ്രത്തിലെ ഡിഎംഎ നോമിനിയായും ദ്വാരക ഏരിയയുടെ സജീവ പ്രവര്‍ത്തകനുമൊക്കെയായി നാലു ദശാബ്ദക്കാലം ഡിഎംഎയെ സേവിച്ച കെ.എസ്. ഹരിഹരനെ വിശിഷ്ഠ സേവാ പുരസ്കാരം നല്‍കി ആദരിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.

കൂടാതെ രാഷ്ട്രപതിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ ഐ.ബി.റാണി, ഐപിഎസ്, രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായ ബിഎസ്എഫ് അസിസ്റന്റ് കമാണ്ടന്റ് പി.കെ.സത്യജിത്, ഐടിബിപി. അസിസ്റന്റ് കമാണ്ടന്റ് ടി.എന്‍. രാജേന്ദ്രന്‍, വിദ്യാഭ്യാസ മേഖലയില്‍ മികച്ച സേവനവും കൂടാതെ ഏറ്റവും നല്ല പ്രിന്‍സിപ്പാളുമായി ഡല്‍ഹി സര്‍ക്കാര്‍ ഈ വര്‍ഷം തെരഞ്ഞടുത്ത കാനിംഗ് റോഡ് കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.ഹരികുമാര്‍ എന്നിവരെയും അനുമോദിച്ചു. ചടങ്ങില്‍ ഡിഎംഎയുടെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ ആദ്യ വിതരണോദ്ഘാടനം ബാബു പണിക്കര്‍ക്കും കെ.എസ്. ഹരിഹരനും നല്‍കി ടി.കെ.എ. നായര്‍ നിര്‍വഹിച്ചു.

ഡിഎംഎ പ്രസിഡന്റ് സി. കേശവന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രഫ. ഓംചേരി എന്‍.എന്‍.പിള്ള, ടി.കെ.എ. നായര്‍, ഐ.ബി. റാണി ഐപിഎസ്, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണര്‍ ആര്‍. സുബു, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് രഘുവംശം, ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി, ട്രഷറര്‍ പി. രവീന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ എ. മുരളീധരന്‍, ഇന്റേണല്‍ ഓഡിറ്ററും ആഘോഷകമ്മിറ്റി കണ്‍വീനറുമായ സി.ബി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആകാശവാണിയിലെ മുന്‍ വാര്‍ത്താ വായനക്കാരനായ ഗോപന്‍ അവതാരകനായിരുന്നു.

പ്രമുഖ സീരിയല്‍ താരം സുരേഷ് നിലമ്പൂരിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മിമിക്സ് അള്‍ട്രാ അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ ആഘോഷപരിപാടികള്‍ക്കു മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി