'അമേരിക്കയുടെ ഉയര്‍ച്ചയ്ക്ക് ഹില്ലരി ക്ളിന്റണ്‍'
Saturday, April 16, 2016 8:13 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടിന്റെ കെട്ടുറപ്പും മതനിരപേക്ഷതയും സാമൂഹ്യസമത്വവും കാത്തുസൂക്ഷിക്കുവാനും സംശുദ്ധ ഭരണം കാഴ്ചവയ്ക്കാനും മുന്‍ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്നു ഫോമ മുന്‍ വൈസ് പ്രസിഡന്റും പ്രമുഖ സാമുഹ്യ പ്രവര്‍ത്തകനുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പറഞ്ഞു.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി മത്സരങ്ങളില്‍ മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുന്ന ഹില്ലരി പാര്‍ട്ടിയുടെ നോമിനേഷനും ബഹുഭൂരിപക്ഷം സെനറ്റര്‍മാരുടെ പിന്തുണയും ഉറപ്പാക്കിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ നടന്ന ഡിബേറ്റില്‍ ഭരണ നിപുണതയും തന്ത്രജ്ഞതയും ഉന്നതമായ കാഴ്ചപ്പാടുകളുമുള്ള നേതാവാണെന്ന് ഒരിക്കല്‍ക്കൂടി ഹില്ലരി തെളിയിച്ചു. റിപ്പബ്ളിക്കന്‍ നോമിനേഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള ട്രംപിന്റെ കാഴ്ചപ്പാടുകള്‍ കുടിയേറ്റക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ആശാസ്യമല്ല എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വൈവിധ്യങ്ങളുടെ സംഗമഭൂമിയായ അമേരിക്കന്‍ ഐക്യനാടിനെ അടുത്ത നാലുവര്‍ഷം ആരു ഭരിക്കും എന്ന് ലോകം ഉറ്റുനോക്കുന്നു.

2001-ല്‍ ന്യൂയോര്‍ക്ക് സെനറ്ററായി ഉജ്വല വിജയം നേടിയ ഹില്ലരി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗികസ്ഥാനത്തെത്തുന്ന പ്രഥമ വനിതയായിരുന്നു. 2009-ല്‍ അമേരിക്കയുടെ അറുപത്തേഴാമത് സെക്രട്ടറി ഓഫ് സ്റേറ്റ് ആയി നിയമിതയായപ്പോഴും ചരിത്രം ആവര്‍ത്തിച്ചു. 2013 വരെ ഈ സ്ഥാനത്തു തുടര്‍ന്ന അവര്‍ മികച്ച ഭരണാധികാരി, നയതന്ത്രജ്ഞ എന്നു തെളിയിക്കപ്പെടുകയായിരുന്നു.

പൊതുജീവിതത്തിന്റെ തുടക്കംമുതല്‍ സ്ത്രീ സ്വാതന്ത്യ്രത്തിനും സമത്വത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹില്ലരി ക്ളിന്റണ്‍. അമേരിക്കയുടെ ഭാവി കരുപ്പിടിപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ ലോണിനു വന്‍ ഇളവുകള്‍ നല്‍കുക, ക്രിമിനല്‍ നിയമപരിഷ്കരണം, മെഡിക്കല്‍ പരിഭാഷ, ഒബാമ കെയര്‍ ഏവര്‍ക്കും ഉറപ്പാക്കുക, വന്‍കിട കമ്പനികളുടെ ഔട്ട്സോഴ്സിംഗിനു കടിഞ്ഞാണ്‍ ഇടുക, എല്ലാവര്‍ക്കും തൊഴില്‍ പരിരക്ഷ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ വ്യക്തമായ നിലപാടും കാഴ്ചപ്പാടുകളുമായി ഭരണത്തിലേറാന്‍ ശ്രമിക്കുന്ന ഹില്ലരിക്ക് നമ്മുടെ ഓരോ വോട്ടും നല്‍കി പിന്തുണയ്ക്കുകവഴി നല്ല നാളേയ്ക്കായി, കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ അമേരിക്കയ്ക്ക് നമുക്ക് കരുത്തു നല്‍കാമെന്നു ഹില്ലരിക്കു വിജയാശംസകള്‍ നേര്‍ന്നു ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം