ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18
Saturday, April 16, 2016 5:02 AM IST
ഡാളസ്: 2015 ലെ ടാക്സ് റിട്ടേണ്‍ ഏപ്രില്‍ 18നു സമര്‍പ്പിക്കണമെന്നും എന്തെങ്കിലും കാരണവശാല്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ ഏപ്രില്‍ 18നു തന്നെ എക്സ്റ്റന്‍ഷന് അപേക്ഷ നല്‍കണമെന്നും ഇന്റേണല്‍ റവന്യൂ സര്‍വീസിന്റെ അറിയിപ്പില്‍ പറയുന്നു.

സാധാരണ വര്‍ഷങ്ങളില്‍ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവാസന ദിവസം ഏപ്രില്‍ 15നാണ്. ഈ വര്‍ഷം ഏപ്രില്‍ 15 വാരാന്ത്യദിനമായതുകൊണ്ടാണ് 18 വരെ നീട്ടിയിരിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. എക്സ്റന്‍ഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒക്ടോബര്‍ 15നു മുമ്പ് പൂര്‍ണമായ ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം.

ഗവണ്‍മെന്റില്‍ നിന്നും തുക ലഭിക്കേണ്ടവര്‍ കൃത്യ സമയത്ത് ടാക്സ് റിട്ടേണ്‍സ് നല്‍കിയില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടതില്ല. എന്നാല്‍ ടാക്സിനത്തില്‍ ഗവണ്‍മെന്റിലേക്ക് തുക തിരിച്ചടയ്ക്കാനുള്ളവര്‍ സമയത്തിനു മുമ്പു നല്‍കിയില്ലെങ്കില്‍ അഞ്ചു ശതമാനം മുതല്‍ 25 ശതമാനം വരെ ഫൈന്‍ നല്‍കേണ്ടിവരും.

ടാക്സ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന നിയമങ്ങള്‍ നിലവിലുണ്ട്. ഗവണ്‍മെന്റിലേക്ക് ടാക്സ് നല്‍കേണ്ടവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു തുക അടയ്ക്കാവുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ഈടാക്കും.

ഐആര്‍എസില്‍ നിന്നും തുക ലഭിക്കേണ്ടവര്‍ ടാക്സ് റിട്ടേണ്‍ കൃത്യസമയത്തിനു മുമ്പു തന്നെ സമര്‍പ്പിക്കുമ്പോള്‍ തിരികെ നല്‍കേണ്ടവര്‍ പലപ്പോഴും കാണിക്കുന്ന അലംഭാവം ശിക്ഷാനടപടികള്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍