അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്നു മാസ്റര്‍ കാര്‍ഡ് സിഇഒ
Saturday, April 16, 2016 5:01 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഒരു വനിത തെരഞ്ഞെടുക്കപ്പെടുമെന്ന് മാസ്റര്‍ കാര്‍ഡ് സിഇഒയും ഇന്ത്യന്‍ വംശജനുമായ അജയ് ബംഗ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്കില്‍ ഏപ്രില്‍ ഏഴിനു നടന്ന ലോക വനിതാ സമ്മേളനത്തില്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മത്സരംഗത്തുള്ള ഏക വനിതയുമായ ഹില്ലരി ക്ളിന്റണിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്ര തലവന്മാരും കമ്പനികളുടെ തലപ്പത്തും വനിതകള്‍ തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്ന് അജയ് ചൂണ്ടിക്കാട്ടി. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചു വരികയാണെന്നും പെപ്സികോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്ദ്ര നൂയലിനെപോലെയുള്ള വനിതകളെ ചൂണ്ടിക്കാട്ടി അജയ് സമര്‍ഥിച്ചു. മാസ്റേഴ്സ് കാര്‍ഡ് ബോര്‍ഡില്‍ 25 ശതമാനം സ്ത്രീകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. കമ്പനിയുടെ വിജയത്തില്‍ ഇവരുടെ പങ്ക് ശ്ളാഘനീയമാണെന്നും അജയ് തുടര്‍ന്നു പറഞ്ഞു.

അജയ് ബംഗ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കമ്മീഷന്‍ അംഗം

മാസ്റര്‍ കാര്‍ഡ് സിഇഒ അജയ് ബംഗയെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കമ്മീഷന്‍ അംഗമായി പ്രസിഡന്റ് ഒബാമ നിയമിച്ചു.

ഏപ്രില്‍ 14നാണ് ഇതുസംബന്ധിച്ച് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അജയിന്റെ നിയമനം സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയത്.

ഡിജിറ്റല്‍ വേള്‍ഡില്‍ സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം അംഗീകരിച്ചാണ് അതിന് അനുയോജ്യനായ അജയിനെ നിയമിച്ചതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍