സിറിയക് കുര്യന്‍ ഫോമ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ഥി
Saturday, April 16, 2016 4:57 AM IST
ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ സജീവ പ്രവര്‍ത്തകനും കമ്മിറ്റി അംഗവുമായ സിറിയക് കുര്യനെ ഫോമ 2016-18 നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ഥിയായി നാമ നിര്‍ദ്ദേശം ചെയ്തതായി കേരള സമാജം പ്രസിഡന്റ് ബോബി തോമസ് അറിയിച്ചു.

മാര്‍ച്ച് 20ന് ഫിലാഡല്‍ഫിയയില്‍ കൂടിയ ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ യോഗത്തിലാണ്് സിറിയക് കുര്യന്റെ നാമനിര്‍ദേശം അംഗീകരിച്ചത്.

ദീര്‍ഘകാലമായി ബര്‍ഗന്‍ കൌണ്ടിയില്‍ താമസിച്ചുവരുന്ന ഇദ്ദേഹം, വിവിധ മണ്ഡലങ്ങളില്‍ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. കേരളം സമാജം ഓഫ് ന്യൂജേഴ്സിയുടെ ആവിര്‍ഭാവം മുതല്‍ അതില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ അല്മായ സംഘടനയായ സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ദേശീയ കമ്മിറ്റി അംഗം, ജനറല്‍ സെക്രട്ടറി, ദേശീയ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവകയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചുവരുന്ന സിറിയക് ഒരു സൌണ്ട് എന്‍ജിനിയര്‍ കൂടിയാണ്. യേശുദാസ്, ജയചന്ദ്രന്‍, ശ്രീകുമാര്‍, മനോ, പി. സുശീല, ബോംബെ ജയശ്രീ തുടങ്ങിയവര്‍ക്കുവേണ്ടിയും ഒട്ടനവധി കലാ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയും ശബ്ദക്രമീകരണം ചെയ്തിട്ടുണ്ട്. ഭാര്യ മേഴ്സിയും മൂന്നു പെണ്‍മക്കളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഒരു കലാ കുടുംബമായി അറിയപ്പെടുന്നു. ന്യൂ ജേഴ്സിയില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഐടി മേഖലയില്‍ സീനിയര്‍ അനലിസ്റ് ജോലി ചെയ്യുന്നു.

ആത്മാര്‍ഥതയും അര്‍പ്പണബോധവും കൈമുതലായുള്ള സിറിയക് ഫോമ ഭരണസമിതിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ് ബോബി തോമസ്, സെക്രട്ടറി സേവിയര്‍ ജോസഫ്, മുന്‍ പ്രസിഡന്റ് സെബാസ്റ്യന്‍ ജോസഫ് എന്നിവര്‍ പറഞ്ഞു. തനിക്കു ഫോമാ മിഡ്അറ്റ്ലാന്റിക് മേഖല നല്കിയ പിന്തുണയില്‍ സന്തോഷിക്കുന്നുവെന്നും അടുത്ത ഫോമ നേതൃത്വവുമായി പൂര്‍ണമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും സിറിയക് പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള