ന്യൂയോര്‍ക്കില്‍ പ്രതീകാത്മക ശവമടക്കം നടത്തി
Friday, April 15, 2016 6:06 AM IST
അരിസോണ: ഇന്ത്യാ, ബംഗ്ളാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് അഭയംതേടി അമേരിക്കയില്‍ എത്തിയ എണ്‍പത്തിയെട്ടു പേരെ അതത് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ എട്ടിനു ന്യൂയോര്‍ക്ക് ജാക്സണ്‍ ഹൈറ്റ്സ് ഡൈവേഴ്സിറ്റി പ്ളാസക്കു മുമ്പില്‍ ഡ്രം എന്ന സംഘടനയുടേയും ഇമിഗ്രന്റ് റൈറ്റ്സ് അഡ്വക്കറ്റിസിന്റേയും നേതൃത്വത്തില്‍ പ്രതീകാത്മക ശവമടക്ക സമരം നടത്തി.

റാലിയില്‍ പങ്കെടുത്തവര്‍ റ്റോമ്പ് സ്റോണ്‍ മാതൃകയിലുളള പ്ളക്കാര്‍ഡുകളില്‍ നാടു കടത്തിയവരുടെ പേരുകള്‍ ആലേഖനം ചെയ്തിരുന്നു.

പഞ്ചാബില്‍നിന്നുളള 55 സിക്കുകാരും 23 ബംഗ്ളാദേശികളും നാലു നേപ്പാളികളും ഉള്‍പ്പെടെ 88 പേരെയാണു വിമാനത്തില്‍ അതത് രാജ്യങ്ങളിലേക്ക് വലിയ സുരക്ഷാ സന്നാഹത്തോടെ കയറ്റി വിട്ടത്.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റംസ് എന്‍ഫോഴ്സ്മെന്റ് സെന്റര്‍ ഏപ്രില്‍ നാലിനു ഇവരെ നാടുകടത്തുന്നതിനു മുമ്പ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇന്ത്യയില്‍ എത്തിയാല്‍ മതവിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടി വരുമെന്ന പഞ്ചാബികളുടെ പ്രസ്താവന ഐസിഇ അംഗീകരിച്ചില്ല.

നാടുകടത്തുന്നതിന് മുമ്പ് എല്ലാവരുടേയും കേസുകള്‍ ഇമിഗ്രേഷന്‍ കോടതിയില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ കോടതി ഇവര്‍ക്കെതിരായ വിധിയാണ് പുറപ്പെടുവിച്ചതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സാന്‍ഫ്രാന്‍സിസ്കോ ഇന്ത്യന്‍ കോണ്‍സലേറ്റിന്റെ പിരിധിയില്‍ ഉള്‍പ്പെടുന്ന അരിസോണ ഫെസിലിറ്റി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍, കെ.ജെ. ശ്രീനിവാസന്‍ സംഭവത്തെകുറിച്ച് യാതൊരു അറിയിപ്പും യുഎസ് ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. ഒബാമ പ്രസിഡന്റായതിനുശേഷം എട്ടു വര്‍ഷത്തിനുളളില്‍ 2.5 മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ കയറ്റി അയച്ചതായി ഹോം ലാന്‍ഡ് സെക്യൂരിറ്റി രേഖകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍