കൌമാര മനസുകളില്‍ സനാതന ധര്‍മത്തിന്റെ ചിന്തകള്‍ നിറച്ച് സ്റീവന്‍ ക്ണാപ്
Wednesday, April 13, 2016 4:35 AM IST
ന്യൂജേഴ്സി: കെഎച്ച്എന്‍എ യൂത്ത് മീറ്റിംഗില്‍ സനാതന ധര്‍മത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പ്രമുഖ ഹൈന്ദവ എഴുത്തുകാരനും ഇസ്ക്കോണിലെ സജീവ സാന്നിധ്യവുമായ സ്റീവന്‍ ക്ണാപ് നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

ആത്മീയതയെ അനുഭവവേദ്യമാക്കുന്നതിലൂടെ മനുഷ്യ മനസില്‍ സ്ഥായിയായ ശാന്തി കൈവരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദിക പാരമ്പര്യത്തില്‍നിന്നാണ് സംഖ്യാശാസ്ത്രം ഉത്ഭവിച്ചത്. പൂജ്യത്തിന്റെ (ശൂന്യതയുടെയും) ഇന്‍ഫിനിറ്റി (അനന്തതയുടെയും) മഹത്വം അത് ലോകത്തിനു പരിചയപ്പെടുത്തി. എന്നെപ്പോലെയുള്ളവര്‍ സനാതന ധര്‍മത്തിന്റെ അന്തസത്തയുടെ മഹത്വം മനസിലാക്കി അതിലേക്കു വന്നവരാണ്. പക്ഷേ അതിന്റെ യഥാര്‍ഥ പാരമ്പര്യം അവകാശപ്പെടുന്നവര്‍ അത് ഉള്‍ക്കൊണ്ടു മുന്നോട്ടു പോകണം. ആധുനിക സാങ്കേതിക വിദ്യകളുടെ തെറ്റായ ഉപയോഗം ആത്മ നശീകരണത്തിനു കൂടി കാരണമാകുന്നു. സനാതന പാരമ്പര്യം ശരിയായ ജീവിത രീതികളിലേക്കു മനുഷ്യരാശിയെ നയിക്കുന്നു.

സനാതന ധാര്‍മിക പൈതൃകം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ മുന്നോട്ടു വരണം. അതിന്റെ സംരക്ഷണം ലോകത്തിന്റെ പുരോഗതിക്കും നിലനില്പിനും അത്യന്താപേക്ഷിതമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും പ്രചോദനം പകര്‍ന്നുവെന്നും ഹൈന്ദവ ചിന്തകള്‍ അമേരിക്കയിലെ പുതിയ തലമുറയില്‍ എത്തിക്കാന്‍ കെഎച്ച്എന്‍എ യൂത്ത് പ്രതിജ്ഞാബദ്ധമായി തുടര്‍ന്നും കര്‍മപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് സംഘാടകരായ വിനോദ് വരപ്രവന്‍, ശബരി സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം