ജൂബിലി നിറവില്‍ ഫാ. ആന്റണി തുണ്ടത്തില്‍
Wednesday, April 13, 2016 4:32 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പത്തുവര്‍ഷം കത്തീഡ്രല്‍ വികാരിയായും മൂന്നു വര്‍ഷത്തോളം വികാരി ജനാറാളായും സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍ എംഎസ്ടി സഭയുടെ അമേരിക്കിയിലേയും കാനഡയിലേയും ഡയറക്ടറായിരിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ പൌരോഹിത്യ രജതജൂബിലിയോടനുബന്ധിച്ചു നടന്ന കൃതജ്ഞതാബലി ഭക്തിനിര്‍ഭരമായി.

ഏപ്രില്‍ 10നു കത്തീഡ്രലില്‍ ആന്റണി അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡ എക്സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. ബെന്നി ചിറ്റിലപ്പള്ളി, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, എംഎസ്ടി സഭാഗം ഫാ. ജോര്‍ജ് കാവുകാട്ട് എന്നിവര്‍ സഹകാര്‍മികരായി.

മാര്‍ ജേക്കബ് അങ്ങാടിയത്ത്, അച്ചന്റെ ജീവിത, പൌരോഹിത്യ വഴികളിലെ ഓരോ പടവുകളും നേട്ടങ്ങളും അതുവഴി സീറോ മലബാര്‍ സമൂഹത്തിന്, പ്രത്യേകിച്ച് ഈ രൂപതയ്ക്ക് ലഭ്യമായ നന്മകളും അതിയായ സന്തോഷത്തോടെ അനുസ്മരിച്ചു. രൂപതയുടെ ആദ്യകാലത്ത് കത്തീഡ്രല്‍ വികാരിയായി സ്ഥാനമേറ്റ സമയത്തുതന്നെ രൂപതാ ഫിനാന്‍സ് ഓഫീസറുടെ ഉത്തരവാദിത്വങ്ങളും സസന്തോഷം നിറവേറ്റിയ ആന്റണി അച്ചന്റെ സേവന മനോഭാവം പ്രശംസയര്‍ഹിക്കുന്നുവെന്നു മാര്‍ അങ്ങാടിയത്ത് പറഞ്ഞു.

കാനഡ എക്സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍, ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജൂലൈയില്‍ നടക്കുന്ന മാര്‍ത്തോമാശ്ശീഹായുടെ തിരുനാള്‍ദിനങ്ങളില്‍ ഇടവക ജനത്തിന്റെ മുഴുവന്‍ സാന്നിധ്യത്തില്‍ ആന്റണി അച്ചനെ ആദരിക്കാനുള്ള തീരുമാനം അഗസ്റിന്‍ അച്ചന്‍ അറിയിച്ചതു ഹര്‍ഷാരവത്തോടെ ജനം സ്വീകരിച്ചു.

മറുപടി പ്രസംഗത്തില്‍ ആന്റണി അച്ചന്‍ സ്നേഹനിധിയായ മാതാപിതാക്കള്‍ മുതല്‍ നാള്‍വഴികളിലിന്നുവരെ തന്റെ പൌരോഹിത്യജീവിതത്തില്‍ വെളിച്ചമായും തണലായും വഴികാട്ടിയായും ഒട്ടനവധി നല്ല മനസുകളെ നല്‍കിയ കരുണാമയനായ ദൈവത്തിനു നന്ദി അര്‍പ്പിച്ചു. സീറോ മലബാര്‍ രൂപതയുടെ തുടക്കംമുതല്‍ സഹകരിക്കുവാനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും സാധിച്ചതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്െടന്നും അതിനായി തന്നില്‍ ഏറെ വിശ്വാസമര്‍പ്പിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും അച്ചന്‍ പറഞ്ഞു. ഇന്നേദിവസം രണ്ടു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച് കൃതജ്ഞതാബലിയര്‍പ്പിക്കുവാന്‍ ലഭിച്ച അനുഗ്രഹം ഹൃദയം നിറയുന്ന അവിസ്മരണീയവും അവിശ്വസനീയവുമായ ഒരനുഭവമാണെന്നും ഇത്തരമൊരു വലിയ ദൈവിക ഭാഗ്യത്തിന് തന്നെ നിയോഗിച്ച മാര്‍ അങ്ങാടിയത്തിനോടും മാര്‍ ജോസ് കല്ലുവേലിനോടും നന്ദി പറഞ്ഞു.

തുടര്‍ന്നു ഇടവക ജനത്തിന്റെ പ്രതിനിധികളായി കൈക്കാരന്മാരായ മനീഷ് തോപ്പില്‍, ഷാബു മാത്യു, ആന്റണി ഫ്രാന്‍സിസ്, പോള്‍ പുളിക്കന്‍ എന്നിവര്‍ അച്ചനു പൂച്ചെണ്ടു നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം