'ഏറ്റവും ബലിഷ്ഠമായ കരാറാണു കുടുംബം'
Wednesday, April 13, 2016 4:31 AM IST
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ബലിഷ്ഠമായ കരാറിലൂടെയാണു കുടുംബം രൂപപ്പെടുന്നതെന്നും അതിനാല്‍ തന്നേ ആ കരാര്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നാം ശ്രദ്ധിക്കണമെന്നും പ്രമുഖ കൌണ്‍സിലര്‍ സുഹീര്‍ ഹസന്‍. യൂത്ത് ഇന്ത്യ കുവൈത്ത് ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടത്തിയ സ്വര്‍ഗം പൂക്കുന്ന കുടുംബം എന്ന ഫാമിലി കൌണ്‍സലിംഗ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു വര്‍ഷം തുടര്‍ച്ചയായി കുട്ടിയെ മുലയൂട്ടുക എന്നതു കുട്ടിക്കു ലഭിക്കേണ്ട അവകാശമാണെന്നും ആ അവകാശം കുട്ടിക്ക് നിഷേധിക്കുന്നത് നാളെ ദൈവത്തിന്റെ കോടതിയില്‍ ചോദ്യംചെയ്യപ്പെടുന്ന ഒന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മാതാപിതാക്കളില്‍നിന്നാണു കുട്ടികള്‍ക്ക് ആദ്യ പാഠം ലഭിക്കുന്നത്. അതിനാല്‍ തന്നെ മാതാപിതാക്കളുടെ സ്വഭാവഗുണങ്ങള്‍ കണ്ടു വളരുന്ന കുട്ടികള്‍ അതേ സ്വഭാവഗുണങ്ങള്‍ തങ്ങളുടെ ജീവിതത്തിലും തുടരുക സ്വാഭാവികമാണെന്നും അതിനാല്‍ത്തന്നെ മാതാപിതാക്കള്‍ തങ്ങളുടെ ചിന്തയിലും സ്വഭാവങ്ങളിലും നല്ലതു മാത്രം ശീലിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഷാഫി കൊയമ്മ, മേഹനാസ്, എന്‍.കെ. ഷാഫി, ഷഹിദ്, ഹസീബ്, ഹാരിസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ബാസിതിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ സനോജ്, മുഹമ്മദ് ഹാരൂണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍