'കര്‍മോല്‍സുകരാകൂ, പ്രമേഹത്തെ പരാജയപ്പെടുത്തൂ'
Tuesday, April 12, 2016 8:15 AM IST
ദോഹ: തിരക്കുപിടിച്ച ആധുനിക കാലത്ത് സ്ഥിരമായി വ്യായാമം ചെയ്യാത്തതും അശാസ്ത്രീയമായ രീതിയില്‍ ഭക്ഷണ ശീലങ്ങള്‍ പതിവാക്കുന്നതുമാണ് പ്രമേഹമടക്കമുള്ള മിക്ക രോഗങ്ങളും വ്യാപകമാകാനുള്ള പ്രധാന കാരണമെന്നും എല്ലാ വിഭാഗം ജനങ്ങളും വാക്കുകള്‍ക്കും പ്രസംഗങ്ങള്‍ക്കുമപ്പുറം പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ്. ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതോടെ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ മനുഷ്യന്‍ കൂടുതല്‍ ഉദാസീനനാവുകയാണുണ്ടായത്. കായികമായ എല്ലാ പ്രവര്‍ത്തനങ്ങളും യന്ത്രങ്ങളുടെ സഹായത്തോടെ പരമിതപ്പെടുത്തപ്പെട്ടപ്പോള്‍ പാസീവ് വിനോദങ്ങളുടെ തടവറയില്‍ തളയ്ക്കപ്പെടുന്ന അനാരോഗ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. കായിക വ്യായാമങ്ങളും ശാസ്ത്രീയമായ ജീവിത രീതിയും സ്ഥിരമാക്കി മാത്രമേ ഈ സ്ഥിതി വിശേഷത്തെ അതിജീവിക്കാനാവുകയുള്ളൂ.

ലോകാരോഗ്യ ദിനമായി തെരഞ്ഞെടുത്ത സക്രിയരാകൂ പ്രമേഹത്തെ പരാജയപ്പെടുത്തു എന്ന പ്രമേയം ഏറെ പ്രസക്തമാണ്. എല്ലാവരും കര്‍മരംഗത്ത് കൂടുതല്‍ സജീവമാകുമ്പോള്‍ മിക്ക ജീവിത ശൈലി രോഗങ്ങളേയും അതിജീവിക്കാന്‍ കഴിയും.

മാസാംഹാരവും പ്രോസസ് ചെയ്ത ഭക്ഷണപദാര്‍ഥങ്ങളും സ്ഥിരമായി കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. കൃത്രിമമായ പ്രോസസിംഗ് ഇല്ലാത്ത, കീടനാശിനികള്‍ അധികം ഉപയോഗിക്കാത്ത ശാസ്ത്രീയ ഭക്ഷണ ക്രമം ശീലമാക്കുന്നതിലൂടെ തന്നെ നല്ലൊരു ശതമാനം രോഗങ്ങളെയും പ്രതിരോധിക്കാനാകുമെന്ന് ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു.

ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി, സ്റാര്‍ കാര്‍ ആക്സസറീസ് മാനേജിംഗ് ഡയറക്ടര്‍ നിഅ്മതുല്ല കോട്ടക്കല്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റോണി മാത്യു, ഡോ. ബേനസീര്‍ നാസര്‍ സംസാരിച്ചു.

മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, റഫീഖ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.