കാലിക്കട്ട് എയര്‍പോര്‍ട്ട്; മലബാറിലെ പ്രവാസി കുടുംബങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കണം: പിഎംഎഫ്
Tuesday, April 12, 2016 6:19 AM IST
റിയാദ്: മലബാര്‍ മേഖലയിലുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കാലിക്കട്ട് എയര്‍പോര്‍ട്ടാണെന്നിരിക്കെ ഈ അവധികാലത്ത് ഗള്‍ഫില്‍നിന്നും മലബാര്‍ മേഖലയിലേയ്ക്കു വരുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ട് വികസനത്തിന്റെ പേരുപറഞ്ഞ് പല സര്‍വീസ് നിര്‍ത്തലാക്കിയതും പല ഷെഡ്യൂളുകള്‍ വഴി തിരിച്ചുവിട്ടതും യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

മലബാര്‍ മേഖലയിലുള്ള ഏതെങ്കിലും ഒരു പ്രവാസി തന്റെ മാതാപിതാക്കളെ കാണുന്നതിന് ചുറ്റികറങ്ങി വളരെയധികം ക്ളേശം സഹിച്ച് എത്തിച്ചേരേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മരിച്ചാല്‍ പോലും മൃതശരീരം കൊണ്ടു വരുന്നതിനും ടൂറിസം മേഖലയിലും അതുപോലെ ആയുര്‍വേദ ചികിത്സക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വരുന്നവര്‍ക്കും യാത്ര ഏറെ ക്ളേശകരമായിരിക്കുകയാണ്. 

കാലിക്കട്ട് എയര്‍പോര്‍ട്ടിനോടുള്ള അധികൃതരുടെ അവഗണന തുടരുന്ന പക്ഷം ആസന്നമായിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളോടും മലബാറിലെ ജനങ്ങള്‍ എയര്‍ പോര്‍ട്ട് എത്രയുംവേഗം സഞ്ചാരയോഗ്യമാക്കാന്‍ ആവശ്യപെടുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കേ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ പാടുള്ളൂവെന്ന് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളോട് ആവശ്യപെടുകയും ചെയ്യണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് റാഫി പങ്ങോട്, സെക്രട്ടറി സലിം വട്ടപ്പാറ, ട്രഷര്‍ സാബു ഫിലിപ്പ്, മീഡിയ കോഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, രക്ഷാധികാരി സിദ്ദിഖ് കല്ലുപറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.