ബൈബിള്‍ കലോത്സവത്തിനു സന്ദര്‍ലാന്‍ഡില്‍ കൊടിയിറങ്ങി
Tuesday, April 12, 2016 6:19 AM IST
സന്ദര്‍ലാന്‍ഡ്: ഹെക്സം ആന്‍ഡ് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ കമ്യൂണിട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവത്തിനു സന്ദര്‍ലാന്‍ഡില്‍ കൊടിയിറങ്ങി.

ഏപ്രില്‍ ഒമ്പതിനു രൂപതയിലെ മൂന്നു മാസ് സെന്ററുകളില്‍നിന്നുള്ള (ന്യൂ കാസില്‍, സന്ദര്‍ലാന്‍ഡ്, ഡാര്‍ലിംഗ്ടന്‍) വിശ്വാസികളാണ് ബൈബിള്‍ ഫെസ്റിവലില്‍ സംബന്ധിച്ചത്.

രാവിലെ പത്തിന് രൂപത ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിനോടൊപ്പം മൂന്നു സെന്ററുകളില്‍ നിന്നുമുള്ള പ്രതിനിധികളും ചേര്‍ന്ന് ഭദ്രദീപം തെളിച്ചതോടെ മത്സരങ്ങള്‍ക്കു തുടക്കമായി. മൂന്നു സെന്ററുകളില്‍ നിന്നുമുള്ള നൂറില്‍പരം വിശ്വാസികള്‍ പങ്കെടുത്ത വിവിധ മത്സരങ്ങള്‍ സെന്റ് ജോസഫ്സ് പാരിഷ് ഹാളിന്റെ വിവിധ സ്റേജുകളിലും സമാപന സമ്മേളനം സ്റീല്‍സ് ക്ളബ് ഹാളിലുമാണ് അരങ്ങേറിയത്.

മത്സരത്തില്‍ സന്ദര്‍ലാന്‍ഡ് ഒന്നാം സ്ഥാനവും ന്യൂ കാസില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലാപ്രതിഭയായി ഓസ്റിന്‍ ഷിബുവും കലാതിലകമായി കൊച്ചു ത്രേസ്യ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു. സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാഥിതിയായ സമാപന സമ്മേളനത്തില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ കൈമാറി.

രൂപതയിലെ ആദ്യ ബൈബിള്‍ കലോത്സവത്തിനെ വരവേറ്റ ഏവര്‍ക്കും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള രൂപത കമ്മിറ്റി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്