പരവൂര്‍ ദുരന്തം പാശ്ചാത്യ മാധ്യമങ്ങളിലും വന്‍ വാര്‍ത്ത
Monday, April 11, 2016 8:15 AM IST
ലണ്ടന്‍: ഇന്ത്യയെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടം ലോക മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ചതും ഇതിനൊരു കാരണമായി.

ഇന്ത്യ കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടം എന്ന നിലയില്‍ മാത്രമല്ല, ലോകത്തുതന്നെ ഇത്തരത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മനുഷ്യ നിര്‍മിത അപകടങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ബിബിസി അടക്കമുള്ള പാശ്ചാത്യ ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജര്‍മനിയിലെ മുഖ്യധാരാ മാധ്യമങ്ങളെ കൂടാതെ വിവിധ ചാനലുകള്‍ അപകടത്തിന്റെ തീവ്രതയും ഒപ്പം സുരക്ഷാ മാനദണ്ഡങ്ങള്‍ എടുക്കാതെയുള്ള പരിപാടികളും ഏറെ വിദശമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. കൂടാതെ ഇത്തരം അപകടങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കാനുള്ള സാധ്യതകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, മേലധികാരികളുടെ ഉത്തരവാദത്വമില്ലായ്മ, വസ്തുതകള്‍ ശരിയായി കാണുന്നതിലുള്ള വീഴ്ചകള്‍ ഇവയൊക്കെ ഉയര്‍ത്തിയാണ് പല റിപ്പോര്‍ട്ടുകളും വന്നിട്ടുള്ളത്.

ഇതിനൊപ്പം, ഇന്ത്യയിലെ ഉത്സവാഘോഷങ്ങളുടെ രീതികളും ഇത്തരം അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കും പലരും പ്രസിദ്ധീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍