ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്ന ഈസ്റര്‍-വിഷു ആഘോഷിച്ചു
Monday, April 11, 2016 6:02 AM IST
വിയന്ന: മലയാളി സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ കുടുംബാംഗങ്ങള്‍ ഈസ്റര്‍-വിഷു ആഘോഷം സംയുക്തമായി സംഘടിപ്പിച്ചു.

മെല്‍വിന്‍ പൌലോസിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ വിശിഷ്ടാഥിതിയായി പങ്കെടുത്ത ഫാ. ജോയല്‍ കോയിക്കര സന്ദേശം നല്‍കി. പുതുജീവിതത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം ഉള്‍കൊള്ളുന്ന രണ്ടു ആഘോഷങ്ങളും ഒരുമിച്ചു ആഘോഷിക്കാന്‍ പ്രവാസികളായി ജീവിക്കുന്നവര്‍ക്ക് മാത്രമാണ് സാധ്യമാകുന്നതെന്നും ആഘോഷങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും സമൃദ്ധിക്ക് സഹായിക്കട്ടെയെന്ന് ഫാ. കോയിക്കര ആശംസിച്ചു. സിറിയക്ക് ചെറുകാട് വിഷു കൈനീട്ടം സമ്മാനിച്ചു.

വിഷുവിന്റെ ചരിത്രവും ആഘോഷം ബാക്കിയാക്കുന്ന നന്മകളേയും പ്രതിപാദിച്ച് ധന്യ മോഹന്‍ പ്രഭാഷണം നടത്തി. അഭയാര്‍ഥികള്‍ ഓസ്ട്രിയയുടെ പ്രശ്നമായി തീര്‍ന്നതും അവര്‍ കടന്നുപോകുന്ന ദുരിതങ്ങളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥകളും വിശദീകരിച്ച് അഞ്ജലി പ്രെറ്റ്നര്‍ സംസാരിച്ചു. സോണിയ, സെലിന, ഇസബെല്‍, സഞ്ജ, ആലിന തുടങ്ങിയ കുട്ടികള്‍ ഗാനങ്ങള്‍ ആലപിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ജന്മദിനം ആഘോഷിച്ചവര്‍ കേക്ക് മുറിച്ച് ആശംസകള്‍ കൈമാറി.

സമ്മേളനത്തില്‍ 2016ലെ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന തംബോല മത്സരത്തിന്റെ ആദ്യ ടിക്കറ്റ് ഫാ. ജോയലിന് നല്‍കി ട്രഷറര്‍ ലിസി ഐക്കരേട്ട് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റീമ പനച്ചിക്കല്‍, സെക്രട്ടറി സോജി മതുപുറത്ത് എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി