നവോദയ അല്‍ ഹസ പ്രവാസി സംഗമത്തില്‍ വന്‍ ജനപങ്കാളിത്തം
Monday, April 11, 2016 6:01 AM IST
അല്‍ ഹസ: നവോദയ സാംസ്കാരികവേദി അല്‍ ഹസ ഏരിയ പ്രവാസി സംഗമം നടത്തി. വിവിധ മേഖല കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ തയാറാക്കിയ ഭക്ഷ്യസ്റാളുകളില്‍ ഇന്ത്യന്‍ ചൈനീസ് വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. നൃത്തനൃത്യങ്ങള്‍, സംഗീതം, എകാഭിനയം, ദൃശ്യാവിഷ്കാരം തുടങ്ങി വിവിധ കലാപരിപാടികള്‍ സംഗമത്തിനു കൊഴുപ്പേകി.

പ്രവാസി സംഗമം റിയാദ് കേളി കുടുംബവേദി രക്ഷാധികാരി സിന്ധു ഷാജി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ രാമചന്ദ്രന്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. 'പുതിയ ഇന്ത്യ പുതിയ കേരളം, മാറ്റത്തിനായി പ്രവാസികള്‍' എന്ന വിഷയത്തെ അധികരിച്ച് ദമാം നവോദയ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ണൂര്‍, ട്രഷറര്‍ സുധീഷ് തൃപ്രയാര്‍, വൈസ് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, കണ്‍വീനര്‍ ജയപ്രകാശ്, ഏരിയ സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീനിവാസന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

ഏരിയ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഹഫൂഫ് മേഖലയ്ക്കുള്ള ട്രോഫി ഹനീഫ മൂവാറ്റുപുഴയും റണ്ണര്‍ അപ്പ് ട്രോഫി ഏരിയ സെക്രട്ടറി ജോസ് മാനാടനും വിതരണം ചെയ്തു. ഏരിയ പ്രസിഡന്റ് കൃഷ്ണന്‍ കൊയിലാണ്ടി, അല്‍ ഹസ രക്ഷാധികാരി എം.ആര്‍. ചന്ദ്രന്‍, കേന്ദ്രകമ്മിറ്റി അംഗം സലിം മണാട്ട്, ഏരിയ ജോയിന്റ് സെക്രട്ടറി കെ. ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം