പാരമ്പര്യവാദികളെയും പരിഷ്കരണവാദികളെയും പിണക്കാതെ മാര്‍പാപ്പ
Saturday, April 9, 2016 8:17 AM IST
വത്തിക്കാന്‍സിറ്റി: കത്തോലിക്കാസഭയിലെ പാരമ്പര്യവാദികളെയും പരിഷ്കരണവാദികളെയും പിണക്കാതെയും എന്നാല്‍ ഇരുപക്ഷത്തേയും പൂര്‍ണമായി തൃപ്തിപ്പെടുത്താതെയും മാര്‍പാപ്പയുടെ അനുശാസനം പുറത്തുവന്നു.

സ്നേഹത്തിന്റെ ആനന്ദം എന്ന പേരില്‍ 264 പേജ് വരുന്ന അനുശാസനത്തില്‍, വിവാഹം, പുനര്‍വിവാഹം, ലൈംഗികത, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നു.

വിവാഹമോചിതര്‍ക്ക് കുര്‍ബാന കൈക്കൊള്ളുന്നതിനുള്ള നിരോധനം നീക്കാന്‍ അനുശാസനത്തില്‍ നിര്‍ദേശമില്ല. എന്നാല്‍, എല്ലാം മതഗ്രന്ഥങ്ങളെ ആശ്രയിച്ചു തീരുമാനിക്കാന്‍ കഴിയില്ലെന്നും ഓരോരുത്തരുടെയും പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവണം തീരുമാനമെന്നും നിര്‍ദേശിക്കുന്നു.

സ്വവര്‍ഗ വിവാഹത്തെയോ വിവാഹം കൂടാതെയുള്ള ദാമ്പത്യത്തെയോ സഭ അംഗീകരിക്കുന്നില്ല. എന്നാല്‍, ഇതുവരെ വിവാഹങ്ങള്‍ സംബന്ധിച്ചു നല്‍കിയ ഉപദേശങ്ങളില്‍ സ്വയം വിമര്‍ശനം ആവശ്യമാണെന്നും പറയുന്നു. മതാചാരം മാത്രമല്ല, യഥാര്‍ഥ ജീവിതത്തിന്റെ വസ്തുതകള്‍ കൂടി പരിഗണിച്ചാവണം ഉപദേശങ്ങള്‍ എന്നാണ് വ്യക്തമാക്കുന്നത്.

സ്വവര്‍ഗപ്രേമികളുടെ അഭിലാഷങ്ങള്‍ ഒരു പരിധി വരെ മനസിലാക്കാം. എന്നാല്‍, ലിംഗ വ്യത്യാസവും ലൈംഗികതയും എന്ന അഭേദ്യമായ പാരസ്പര്യത്തെ വേര്‍പെടുത്താനുള്ള സ്വവര്‍ഗപ്രേമികളുടെ ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു.

ലൈംഗികത പാപമല്ല. അത് ദൈവത്തിന്റെ വരദാനമാണ്. ഗര്‍ഭനിരോധനത്തിന് സ്വാഭാവികമല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്നും മാര്‍പാപ്പ പറയുന്നില്ല. കുട്ടികള്‍ ജനിക്കുന്നതിന്റെ ആനന്ദം അനുഭവിക്കണം. എന്നാല്‍, എത്ര കുട്ടികള്‍ വേണമെന്നു തീരുമാനിക്കാന്‍ ഓരോ കുടുംബത്തിനും സ്വാതന്ത്യ്രമുണ്ടെന്നും മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍