'അറബിക് മാഫി മുശ്കില്‍' പ്രകാശനം ചെയ്തു
Saturday, April 9, 2016 5:46 AM IST
അബുദാബി: പ്രവാസികളുടെ അനുഭവങ്ങളിലൂടെ അറബിക് ഭാഷ പരിചയപ്പെടുത്തുന്ന മുജീബ് എടവണ്ണ രചിച്ച പുസ്തകം 'അറബിക് മാഫീ മുശ്കില്‍' സാഹിത്യകാരന്‍ എം. മുകുന്ദന്‍ പ്രകാശനം ചെയ്തു. അബുദാബി മീന സായിദ് ലൂലൂ മാളില്‍ നടന്ന ചടങ്ങില്‍ ഷാജഹാന്‍ മാടമ്പാട്ട് പുസ്തകം സ്വീകരിച്ചു. സാദിക്ക് കാവില്‍ പുസ്തകം പരിചയപ്പെടുത്തി.

മനോരമ ആഴ്ചപതിപ്പില്‍ അഞ്ചു വര്‍ഷമായി പ്രസിദ്ധപ്പെടുത്തുന്ന മുന്‍ഷി എന്ന പംക്തി ഡിസി ബുക്സാണ് ചെറുഅധ്യായങ്ങളാക്കി പുസ്തകമാക്കിയത്.

19 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും അന്യഭാഷ വഴങ്ങുന്നതു വരെ ഒരു പ്രവാസി നേരിടുന്ന ഗള്‍ഫിലെ പ്രശ്നങ്ങളും നര്‍മം കലര്‍ത്തിയാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംസാര ശൈലി അവസരോചിതം വിവരിച്ചിട്ടുണ്ട്. പദങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലെ സംഭാഷണങ്ങള്‍ക്കുമായി രണ്ടു ഭാഗങ്ങളായി 232 പേജുകളാണ് പുസ്തകത്തിലുള്ളത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാബീല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനാണ് മുജീബ് എടവണ്ണ. വിനോദ് ജോണ്‍ അവതാരികയെഴുതിയ പുസ്തകം ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അറബിക് അധ്യാപകനും പണ്ഡിതനുമായ വി.പി. അഹ്മദ് കുട്ടിയാണ് പരിശോധന നിര്‍വഹിച്ചത്.