കത്തോലിക്കാസഭയിലെ വൈവാഹിക മാര്‍ഗരേഖ മാര്‍പാപ്പ പുറത്തിറക്കി
Friday, April 8, 2016 8:03 AM IST
വത്തിക്കാന്‍സിറ്റി: രണ്ടു സുന്നഹദോസുകളിലായി ചര്‍ച്ച ചെയ്തെടുത്ത, വിവാഹവും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 1.3 ബില്യന്‍ റോമന്‍ കത്തോലിക്കരാണ് പുതിയ തത്വസംഹിതയുടെ പൊരുള്‍ മനസിലാക്കുന്നത്.

കുടുംബ ജീവിതം, വിവാഹം, ഗര്‍ഭനിരോധനം, ശിശുപരിപാലനം, കുട്ടികളുടെ ബോധവത്കരണം എന്നീ വിഷയങ്ങളില്‍ മാര്‍പാപ്പയുടെയും സഭയുടെയും വ്യക്തമായ വീക്ഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ വിളംബരം എന്നു വിലയിരുത്തപ്പെടുന്നു.

മൂന്നു വര്‍ഷമായി വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തു വരുന്ന വിഷയങ്ങളാണിവ. എല്ലാം മാര്‍പാപ്പയുടെ പ്രത്യേക താത്പര്യത്തില്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തപ്പെട്ട വിഷയങ്ങളാണ്. മുമ്പ് ഇതിനു ചോദ്യാവലി തയാറാക്കിയിരുന്നു.

സ്നേഹത്തിന്റെ സന്തോഷം (ദ ജോയ് ഓഫ് ലവ്) എന്ന പേരില്‍ ഇരുനൂറോളം പേജ് വരുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

ഇന്നു പുറത്തിറക്കിയ മാര്‍ഗരേഖകള്‍ ഓരോ രാജ്യങ്ങളിലെയും അതാതു ബിഷപ്പുമാര്‍ ആ രാജ്യത്തെ സാംസ്കാരികവും പൈതൃകവുമായ കാര്യങ്ങള്‍ സ്വാംശീകരിച്ചും വിധേയമായിട്ടും വേണം വിശദമാക്കാനെന്നും മാര്‍പാപ്പ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍