എന്‍എച്ച്എസ് നാനൂറ് ഇന്ത്യന്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും
Friday, April 8, 2016 8:02 AM IST
ലണ്ടന്‍: ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി എന്‍എച്ച്എസ് നാനൂറ് ഇന്ത്യന്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ കടുത്ത ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

എത്രയും വേഗം ഇവരുടെ സേവന ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പരിശീലനവും പരീക്ഷകളും വരെ ഒഴിവാക്കി നേരെ ആശുപത്രികളിലേക്കു നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്.

പ്രതിഷേധം ഒരു വഴിക്കു തുടരുമ്പോള്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് അപ്പോളോ ഹോസ്പിറ്റല്‍സുമായി കരാര്‍ ഒപ്പുവച്ചു കഴിഞ്ഞു. പുതുതായി നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്കും അതുപോലെ എന്‍എച്ച്എസിനു ഒരുപോലെ പരസ്പരം പ്രയോജനം ചെയ്യുന്നതാണ് പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു.

ക്ളിനിക്കല്‍ ജീവനക്കാരെ പരസ്പരം കൈമാറാനുള്ള വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുന്നു എന്നു സൂചന. 2020നുള്ളില്‍ അയ്യായിരം ജനറല്‍ പ്രാക്ടീഷണര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഈ ലക്ഷ്യം നേടുന്നതിനാണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ് പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍