സ്വിറ്റ്സര്‍ലന്‍ഡില്‍ മുസ്ലിം ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്കു ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതില്‍ വിലക്ക്
Thursday, April 7, 2016 6:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ജനീവ: സാധാരണ അഭിവാദ്യം ചെയ്യുമ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് സ്വിറ്റ്സര്‍ലന്‍ഡില്‍ പതിവാണ്. എന്നാല്‍ മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ സ്കൂളിലെ അധ്യാപികമാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി.

നോര്‍ത്തേണ്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ കന്റോണിലെ തെര്‍വില്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ഷേക്ക് ഹാന്‍ഡ് നല്‍കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയത്. അധ്യാപികയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് മതപരമായ വിശ്വാസത്തിന് എതിരാണെന്നു കാട്ടി രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു സ്കൂള്‍ അധികൃതരുടെ തീരുമാനം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി നേരിട്ടുള്ള ശാരീരിക സ്പര്‍ശനം അടുത്ത കുടുംബാംഗങ്ങള്‍ക്കിടയില്‍ മാത്രമേ പാടുള്ളൂ എന്നാണ് ഇസ്ലാം വിശ്വാസമെന്നു പരാതി നല്‍കിയ കുട്ടികള്‍ പറയുന്നു.

സ്കൂളിന്റെ നടപടി വിവാദമായതിനെത്തുടര്‍ന്നു രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തെര്‍വില്ലിലെ പ്രാദേശിക ഭരണകൂടം സ്കൂളിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും സ്കൂള്‍ നിയമത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നും നിയമങ്ങള്‍ രൂപീകരിക്കേണ്ടത് സ്കൂളിന്റെ സ്വന്തം ഉത്തരവാദിത്വമാണെന്നുമുള്ള നിലപാടാണു സ്വീകരിച്ചത്. ഷേക്ക് ഹാന്‍ഡ് അഥവാ ഹസ്തദാനം ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് സ്വിസ് നിയമ മന്ത്രി സിമൊണേറ്റ സൊമ്മറുഗ പ്രതികരിച്ചു. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പുരുഷന്മാരില്‍നിന്നു വേറിട്ടു കാണുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്ന്് സ്വിസ് കോണ്‍ഫറന്‍സ് ഓഫ് കന്റോണല്‍ മിനിസ്റേഴ്സ് ഓഫ് എഡ്യൂക്കേഷന്‍ തലവന്‍ ക്രിസ്റോഫ് ഐമാനും വ്യക്തമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഏവരും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍