പനാമ ലീക്ക്സ്: പുറത്തെത്തിച്ചത് ജര്‍മന്‍ പത്രം
Tuesday, April 5, 2016 8:16 AM IST
ബെര്‍ലിന്‍: ജര്‍മന്‍ പത്രമായ സ്യൂഡ് ഡോയ്റ്റ്ഷെ സെയ്റ്റൂങാണ്(സൌത്ത് ജര്‍മന്‍ ദിനപത്രം) രേഖകള്‍ പുറത്തുകൊണ്ടുവന്നത്. ഇത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റിഗേറ്റിവ് ജേര്‍ണലിസ്റ്സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

ഇന്ത്യയില്‍ ഒരു ഇംഗ്ളീഷ് ദിനപത്രത്തിനാണ് ഇതു ലഭിച്ചത്. പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ രേഖകളാണു ചോര്‍ത്തിയത്.

ആരാണ് മൊസാക്ക് ഫൊണ്‍സേക?

പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസഹായ സ്ഥാപനമാണ് മൊസാക്ക് ഫൊണ്‍സേക. വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. നികുതി ഇളവുള്ള രാജ്യങ്ങളില്‍ സമ്പത്ത് നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വാര്‍ഷിക ഫീസ് വാങ്ങിയാണ് ഇവര്‍ സേവനം ചെയ്യുന്നത്. കമ്പനികളുടെ സ്വത്തും സമ്പത്തും കൈകാര്യം ചെയ്യുന്നതും ഇവരുടെ ജോലിയാണ്.

മധ്യഅമേരിക്കന്‍ രാജ്യമായ പനാമ ആസ്ഥാനമായാണു മൊസാക് ഫൊണ്‍സേക പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ലോമെമ്പാടും ഇതിന്റെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. 42 രാജ്യങ്ങളിലായി 600 പേര്‍ തങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നതായി കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ലോകം മുഴുവന്‍ ഇവര്‍ക്ക് ഫ്രാഞ്ചൈസികളുണ്ട്. വെവേറെ ഏജന്‍സികളാണ് ഇവിടെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത്. ഈ ഏജന്‍സികള്‍ക്ക് ഫൊണ്‍സേക ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അധികാരമുണ്ട്. കുറഞ്ഞ നികുതികള്‍ ഈടാക്കുന്ന രാജ്യങ്ങളായ സ്വിറ്റ്സര്‍ലന്‍ഡ്, സൈപ്രസ് ആന്‍ഡ് ബ്രിട്ടീഷ് വിര്‍ജീനിയ ഐലന്‍ഡ്സ്, ബ്രിട്ടീഷ് രാജ്ഞിയെ ആശ്രയിക്കുന്ന രാജ്യങ്ങളായ ഗ്വെറന്‍സി, ജെഴ്സി, മാന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു.

രണ്ടു ലക്ഷം കമ്പനികള്‍ക്കായാണ് മൊസാക് ഫൊണ്‍സേക രജിസ്റേഡ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ബാങ്ക് അക്കൌണ്ടുകള്‍ നിയമപരമായും എന്നാല്‍ പേരു വെളിപ്പെടുത്താതെയും ഇവര്‍ സൂക്ഷിക്കുന്നു. ഈ രീതിയില്‍ കമ്പനികളുടെ സമ്പത്തും ഇവരുടെ കൈയില്‍ ഭദ്രമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും താത്പര്യമുള്ള രാജ്യങ്ങള്‍ താഴെയുള്ള ഗ്രാഫിക്സില്‍ നിന്നും മനസിലാക്കാം. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സിലാണ് ഏറ്റവും കടുതല്‍ കമ്പനികള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം കമ്പനികളാണ് ഇവിടെ രജിസ്റര്‍ ചെയ്തിട്ടുള്ളത്.

കമ്പനികളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിനു പകരം മധ്യവര്‍ത്തികളുടെ നിര്‍ദേശമനുസരിച്ചാണ് മൊസാക് ഫൊണ്‍സേക പ്രവര്‍ത്തിക്കുന്നത്. അക്കൌണ്ടന്റുകള്‍, അഭിഭാഷകര്‍, ബാങ്കുകള്‍, ട്രസ്റ് കമ്പനികള്‍ എന്നിവയില്‍ നിന്നാണ് സാധാരണ മൊസാക് ഫൊണ്‍സേക കമ്പനി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. യൂറോപ്പില്‍ ഈ മധ്യവര്‍ത്തികള്‍ പ്രവര്‍ത്തിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ്, ജെഴ്സി, ലക്സംബര്‍ഗ്, ബ്രിട്ടണ്‍ എന്നിവിടങ്ങളിലാണ്.

എവിടെനിന്നാണ് ഈ പണം വരുന്നത്. ഈ വിവരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. നോമിനികളെ മുന്നില്‍വച്ചാണ് കമ്പനികള്‍ രേഖകള്‍ ശരിയാക്കുന്നത്. ഈ നോമിനികള്‍ക്ക് കമ്പനിയിലെ സ്വത്തുക്കളില്‍ ഒരു തരത്തിലുള്ള അവകാശവും ഇല്ല. അവര്‍ക്ക് ഒപ്പിടേണ്ട ചുമതല മാത്രമേയുള്ളൂ. 13,000 കമ്പനികളുടെ കണക്കെടുത്തപ്പോള്‍ ഇവര്‍ ആസ്ഥാനമാക്കിയ പ്രദേശങ്ങളുടെ സൂചന മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. ഇതനുസരിച്ച് ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ഭൂരിപക്ഷവും.

ചെറുരാജ്യങ്ങളില്‍ നിക്ഷേപത്തിനായി സഹായം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണ് മൊസാക് ഫൊണ്‍സേക. 300000 കമ്പനികള്‍ക്കുവേണ്ടി ഇവര്‍ സഹായം ചെയ്തുകൊടുക്കുന്നുണ്ട്. ഇവര്‍ക്ക് ബ്രിട്ടനില്‍ ശക്തമായ വേരോട്ടമാണുള്ളത്. പകുതിയോളം കമ്പനികള്‍ രജിസ്റര്‍ ചെയ്തത് ബ്രിട്ടന്റെ അധീനതയിലുള്ള നികുതിയിളവുള്ള രാജ്യങ്ങളിലാണ്.

വലിയ രീതിയുള്ള ഡാറ്റ ചോര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2010ലെ വിക്കിലീക്സ് രേഖകള്‍ ചോര്‍ന്നതും 2013ല്‍ എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളും ഇതിനു പിന്നിലാണ്. വിക്കിലീക്സ് പുറത്തുവിട്ടത് 1.7 ജി.ബി ഡാറ്റയാണ്. ഒരു കോടി പതിനഞ്ച് ലക്ഷം രേഖകളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. 2600 ജിബിയോളം വരുന്ന ഡാറ്റയാണ് ഇപ്പോള്‍ പുറത്തായത്. ഫൊണ്‍സേകയുടെ ഇന്റേണല്‍ ഡാറ്റാബേസില്‍നിന്നാണ് ഇതു ചോര്‍ത്തിയത്.

എന്നാല്‍, ഇത്തരം നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന എല്ലാവരും വഞ്ചകരാണെന്നു പറയാനാവില്ല. തീര്‍ത്തും നിയമപരമയാണ് ഈ ഇടപാടുകള്‍ നടക്കുന്നത്. ന്യായമായ കാരണങ്ങളാല്‍ ഈ സംവിധാനം ഉപയോഗിക്കുന്നവരുണ്ട്. റഷ്യയിലെയും യുക്രെയ്നിലെയും വ്യവസായികള്‍ കൊള്ളക്കാരില്‍ നിന്നും സംരക്ഷണം നേടിയാണ് ഈ നിക്ഷേപ സംവിധാനം ഉപയോഗിക്കുന്നത്. കടുത്ത കറന്‍സി നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടാനും ഇത് ഉപയോഗപ്പെടുത്തുന്നു.

ആരോപണവിധേയരായ കമ്പനികളെ പറ്റി ചര്‍ച്ച ചെയ്യാറില്ലെന്ന് ഫൊണ്‍സേക പറയുന്നു. കമ്പനികളുടെ പേര് രഹസ്യമായി സൂക്ഷിക്കും. എല്ലാ കമ്പനികളെയും വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുണ്െടന്നും മൊസാകേ ഫൊണ്‍സേക അറിയിച്ചു.

ലോകത്തെ ഞെട്ടിച്ചു പാനമ രേഖകള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍,ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ഐസ്ലന്‍ഡിന്റെ പ്രധാനമന്ത്രി സിഗ്മുണ്ടൂര്‍ ഡാവിഡ് കുന്‍ലൂയിക്സന്‍, ബാഴ്സലോണ താരം ലയണല്‍ മെസി, യുക്രെയിന്‍ പ്രസിഡന്റ് പെട്രോ പോറോഷെങ്കോ, അര്‍ജന്റീനയുടെ പ്രസിഡന്റ് മൌറീസ്യോ മക്രി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, മുന്‍ ഈജിപ്ഷ്യന്‍ ഭരണാധികാരി മുബാറക്കിന്റെ പുത്രന്‍ അലാമുബാറക്, ഇറാക്കിലെ മുന്‍ വൈസ് പ്രസിഡന്റ് അയാദ് അലാവി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, ഉള്‍പ്പടെ 500 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഉണ്ട്. വ്യവസായി ഗൌതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡിഎല്‍എഫ് പ്രമോട്ടര്‍ കെ.പി. സിംഗ്, രാഷ്ട്രീയക്കാരായ ഷിഷിര്‍ ബജോറിയും ലോക്സാട്ട പാര്‍ട്ടി ഡല്‍ഹി മേധാവിയായിരുന്ന അനുരാഗ് കേജ്രിവാളും തുടങ്ങിയവരും പനാമയില്‍ കള്ളപ്പണ നിക്ഷേപമള്ളതായാണ് രേഖകള്‍ പറയുന്നത്.

ജര്‍മനിയില്‍നിന്ന് 28 ബാങ്കുകളും 400 കമ്പനികളും 140 മുന്‍നിര രാഷ്ട്രീയക്കാരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍