സിഫ് കുവൈറ്റ് 'സയന്‍സ് ഗാല 2016' സംഘടിപ്പിച്ചു
Tuesday, April 5, 2016 6:08 AM IST
കുവൈത്ത്: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (സിഫ്) കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ 'സയന്‍സ്ഗാല 2016', മാര്‍ച്ച് 31നു ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍ വിശിഷ്ടാതിഥിയായിരുന്നു. ഗവേഷകനും നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അസോസിയേറ്റ് പ്രഫസറുമായ ഡോ. സച്ചിന്‍ മന്ദാവ്ഗനെ ദൈനംദിന ജീവിതത്തിലെ ശാസ്ത്രസാന്നിധ്യം എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. വിജ്ഞാനഭാരതി (വിഭ) നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹാരബുധെ വിഭ പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസാരിച്ചു. സിഫ് മിഡില്‍ ഈസ്റ് കോഓര്‍ഡിനേറ്റര്‍ അബ്ഗ ചടങ്ങില്‍ സംബന്ധിച്ചു.

ശാസ്ത്ര പ്രതിഭ പട്ടം നേടിയ കുട്ടികള്‍, എസ്പിസി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍, ഇന്‍സ്പയര്‍ പുരസ്കാര ജേതാക്കളായ അധ്യാപകര്‍, സയന്‍സ് കോണ്‍ഗ്രസ് 2015 വിജയികള്‍, പ്രോജക്ട് ഗൈഡുകള്‍, സയന്‍സ് കോണ്‍ഗ്രസിലെ മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള സമ്മാനം നേടിയ സ്കൂളുകള്‍ എന്നിവര്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിശിഷ്ടാതിഥികള്‍ ചേര്‍ന്നു സമ്മാനിച്ചു. മികച്ച പ്രകടനം കാഴ്ച വച്ച സ്കൂളിനുള്ള ആചാര്യ ജെ.സി.ബോസ് പുരസ്കാരം ഫഹാഹീല്‍ അല്‍ വതനിയ ഇന്ത്യന്‍ പബ്ളിക് സ്കൂളിനുവേണ്ടി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി.

സദസില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ചു പേര്‍ക്ക് ഡോ.വല്യത്താനോട് നേരിട്ട് സംവദിക്കാന്‍ അവസരം ലഭിച്ചു. വിദ്യാഭ്യാസ സംബന്ധമായ ചിത്രങ്ങളുടെ വിഭാഗത്തില്‍ നാഷണല്‍ അവാര്‍ഡ് നേടിയ ക്വാണ്ടം ഇന്ത്യന്‍സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു. പ്രമുഖ ശാസ്ത്രജ്ഞരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്ന ചടങ്ങില്‍ സിഫ് കുവൈറ്റ് പ്രസിഡന്റ് പ്രശാന്ത് നായര്‍, സിഫ് കുവൈറ്റ് സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍