യൂറോപ്പില്‍ 900 നിഷിദ്ധ പ്രദേശങ്ങള്‍
Monday, April 4, 2016 8:10 AM IST
ബുഡാപെസ്റ്: അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം നിയന്ത്രണാതീതമായതു കാരണം യൂറോപ്പില്‍ അപ്രഖ്യാപിത നിഷിദ്ധ പ്രദേശങ്ങളായി മാറിയത് തൊള്ളായിരത്തോളം മേഖലകള്‍. ലണ്ടനിലും ഇങ്ങനെയൊരു പ്രദേശം ഉള്‍പ്പെടുന്നു.

ഹംഗറിയാണ് ഇങ്ങനെയൊരു കണക്ക് തയാറാക്കി പുറത്തുവിട്ടിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം പെരുകിയതു കാരണം അധികൃതര്‍ക്ക് നിയന്ത്രണങ്ങള്‍ നഷ്ടമായ പ്രദേശങ്ങളാണിവയെന്നും വിശദീകരണം.

യൂറോപ്യന്‍ യൂണിയനില്‍ അഭയാര്‍ഥികളെ ക്വോട്ട സമ്പ്രദായത്തില്‍ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് ഹംഗറി. ഇതേ നിലപാട് സ്വീകരിക്കുന്ന ഒരു വെബ്സൈറ്റിലാണ് സര്‍ക്കാര്‍ തയാറാക്കിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതും.

ഇത്തരം നിഷിദ്ധ പ്രദേശങ്ങളില്‍ ആതിഥേയ സമൂഹത്തിന്റെ സംസ്കാരം പൂര്‍ണമായി അട്ടിമറിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍