നോര്‍വേയില്‍ ഭക്ഷ്യവില യൂറോപ്യന്‍ ശരാശരിയെക്കാള്‍ ഏറെ ഉയരത്തില്‍
Monday, April 4, 2016 8:10 AM IST
ഓസ്ലോ: ഏതാനും വര്‍ഷങ്ങളായി നോര്‍വേയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തമാക്കുന്നു.

1994 മുതലുള്ള കണക്കെടുത്താല്‍ നോര്‍വേയിലെ മിന്‍സ്ഡ് ബീഫിന്റെ വില യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെ അപേക്ഷിച്ച് 80 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. പാല്‍പ്പൊടിയുടെ കാര്യത്തില്‍ ഇത് ഇരട്ടിയും ചീസിന്റെ കാര്യത്തില്‍ 61 ശതമാനവുമാണ് വര്‍ധന.

നോര്‍വീജിയന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ബയോ ഇക്കോണമിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പാല്‍, മാംസ ഉത്പന്നങ്ങളിലാണ് ഈ വ്യത്യാസം ഏറ്റവും കൂടുതല്‍ പ്രകടമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യത്യാസം കാരണം സബ്സിഡികള്‍ കാര്യമായി ഉയര്‍ത്തേണ്ടിവരുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍