ഇന്തോ-സൌദി ബന്ധം സുവര്‍ണകാലഘട്ടത്തിന്റെ പാതയില്‍: നരേന്ദ്ര മോദി
Monday, April 4, 2016 5:55 AM IST
റിയാദ്: ഇന്ത്യയും സൌദി അറേബ്യയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്െടങ്കിലും ആ പഴയ സൌഹൃദം സുവര്‍ണകാലഘട്ടത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൌദി സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം റിയാദിലെ സൌദി കൌണ്‍സില്‍ ഓഫ് ചേംബേഴ്സ് ആസ്ഥാനത്ത് സൌദി ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഇന്ത്യയും സൌദി അറേബ്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണത്തിന് ഏറെ അനുകൂല ഘടകങ്ങളുണ്ട്. സാമൂഹ്യവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ഈ കാരണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി ഊഷ്മളമായി തുടരാന്‍ കാരണം.

പെട്രോളിയം എനര്‍ജിയില്‍ തുടങ്ങി അടിസ്ഥാന സൌകര്യ വികസനത്തിലും കൃഷിയിലും പ്രതിരോധത്തിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരാളം വ്യാപാര സാധ്യതകളുണ്ട്. ബാങ്കിംഗ് മേഖലയിലും ഇന്ത്യ ധാരാളം പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. പാരമ്പര്യ നികുതി സംവിധാനത്തില്‍ സമൂല പരിവര്‍ത്തനം രാജ്യം നടപ്പാക്കാന്‍ തയാറായിക്കഴിഞ്ഞു. ഏകീകൃത ചരക്കു സേവന നികുതി നിയമം ഉടനെ നടപ്പിലാക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഏകീകരിച്ച് ദേശീയ വില്‍പ്പന നികുതി നടപ്പാക്കുകയാണ് ജിഎസ്ടി കൊണ്ടുദ്ദേശിക്കുന്നത്.

കയറ്റിറക്കുമതി ബന്ധങ്ങള്‍ക്ക് അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരണം. സംയുക്ത നിക്ഷേപം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയ മേഖലകളിലും സഹകരിക്കാവുന്നതാണ്. ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഇന്ത്യക്കാരുടെ അര്‍പ്പണ ബോധത്തിനു മകുടോദാഹരണമാണെന്നും മോദി പറഞ്ഞു. മെഡിക്കല്‍ ടൂറിസത്തിന് ഇന്ത്യയില്‍ ധാരാളം സാധ്യതകളുണ്ട്. ആരോഗ്യ രംഗത്തെ ഇന്ത്യന്‍ സാങ്കേതികത മികച്ചതും സാധാരണക്കാരന് താങ്ങാനാവുന്നതുമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെങ്കിലും ഞാന്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്ന നാലാമത്തെ മാത്രം പ്രധാനമന്ത്രിയാണെന്നും അതുകൊണ്ടു തന്നെ എന്റെ സന്ദര്‍ശനം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത യോഗത്തില്‍ മോദി അഭിപ്രായപ്പെട്ടു.

സൌദി കൌണ്‍സില്‍ ഓഫ് ചേംബേഴ്സ് ചെയര്‍മാന്‍ ഷേഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സാമില്‍, സൌദി വ്യവസായ വാണിജ്യ മന്ത്രി തൌഫിഖ് അല്‍ റബീഅ, സൌദി സാമ്പത്തിക, ആസൂത്രണ മന്ത്രി ആദില്‍ ഫഖീഹ് തുടങ്ങിയവരും ഇന്ത്യന്‍ വ്യവസായ പ്രമുഖരായ സൈറസ് മിസ്ത്രി (ചെയര്‍മാന്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി), രാം നായിക് (ചെയര്‍മാന്‍ എല്‍ ആന്‍ഡ് ടി), എം.എ. യൂസഫലി (ലുലു ഗ്രൂപ്പ്) സൌദി വ്യവസായ പ്രമുഖരും സൌദി കൌണ്‍സില്‍ ഓഫ് ചേംബേഴ്സ് ഭാരവാഹികളുമായ കമാല്‍ അല്‍ മുനജദ് (കോ ചെയര്‍മാന്‍, സൌദി ഇന്ത്യ ബിസിനസ് കൌണ്‍സില്‍), സൌദ് ബിന്‍ അബ്ദുള്ള ബിന്‍ തുനയ്യന്‍ അല്‍ സൌദ് രാജകുമാരന്‍ (ചെയര്‍മാന്‍, സാബിക്), എന്‍ജി. അബ്ദുള്ള ബിന്‍ സൈഫ് അല്‍ സൈഫ് (ചെയര്‍മാന്‍ സൌദി മൈനിംഗ് കമ്പനി) തുടങ്ങിയവരും ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍