റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമങ്ങള്‍ ഏപ്രില്‍ 15, 22 തീയതികളില്‍
Monday, April 4, 2016 5:51 AM IST
കുവൈത്ത്: സൌഹൃദങ്ങളുടെ നൊസ്റാല്‍ജിയ എന്ന സന്ദേശത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമങ്ങള്‍ നാലു കേന്ദ്രങ്ങളില്‍ നടക്കും. ഏപ്രില്‍ 15, 22 തീയതികളിലായി കുവൈത്ത് സിറ്റി, ഫഹാഹീല്‍, ഫര്‍വാനിയ, ജലീബ് എന്നിവടങ്ങളിലാണ് സ്നേഹ സംഗമങ്ങള്‍ അരങ്ങേറുക.

വിവിധ മത, സാമൂഹിക, സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സൌഹൃദ സംവാദങ്ങള്‍, കലാപരിപാടികള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.

അസഹിഷ്ണുതയും ഭീകര പ്രവര്‍ത്തനങ്ങളും സൌഹൃദങ്ങളില്‍ സംശയം കലര്‍ത്തുന്ന കാലത്ത് മത വിശ്വാസത്തിന്റെ മേല്‍വിലാസത്തില്‍ നിന്നുകൊണ്ട് തന്നെ സൌഹാര്‍ദത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫില്‍ 60 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമങ്ങളുടെ ഭാഗമായാണ് ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. സൌഹൃദത്തിന്റെ ഇന്നലകളെ ഒര്‍മിപ്പിച്ച് സ്നേഹത്തിന്റെ ആഴം സ്വയം ബോധ്യപ്പെടുകയും സമൂഹത്തോട് പറയുകയും ചെയ്യുന്ന വിവിധ പരിപാടികളുടെ സമാപനത്തിലാണ് സ്നേഹ സംഗമങ്ങള്‍ നടക്കുക.

യൂണിറ്റുകളില്‍ ഗൃഹാതുര സമ്മേളനങ്ങള്‍, സ്നേഹ വിരുന്ന്, സ്നേഹ സവാരി, സൌഹൃദ സംവാദം, പ്രവാസം കഥ പറയുമ്പോള്‍, കുട്ടികള്‍ക്കായി സ്നേഹ ജാലകം, വനിതകള്‍ക്കായി ഷീ പാര്‍ട്ടി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സഹോദരങ്ങളുടെ അവശതകളില്‍ കൈത്താങ്ങ് നല്‍കാനുള്ള ആശ്വാസ നിധിക്കും സ്നേഹ സംഗമങ്ങളോടേ തുടക്കം കുറിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍