ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ ആരംഭിക്കണം: പനോരമ
Monday, April 4, 2016 5:50 AM IST
ദമാം: മുന്‍ കേന്ദ്രസര്‍ക്കാര്‍ 2011 ല്‍ പ്രഖ്യാപിച്ച സൌദി അറേബ്യയിലെ സാംസ്കാരിക കേന്ദ്രം എത്രയും പെട്ടെന്നു പ്രവര്‍ത്തനം ആരംഭിക്കണമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സാംസ്കാരിക പൈതൃകങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും ഇന്ത്യന്‍ ജനതയുടെ വിവിധങ്ങളായ സാംസ്കാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഒരു തരത്തിലുമുള്ള സാഹചര്യവും ഇല്ല. വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും എംബസിയുടെ കീഴില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്നുവരെയും ഇതിനു പരിഹാരമായിട്ടില്ല. സൌദി അറേബ്യയുടെ വിസ്തൃതിയും പ്രധാനകേന്ദ്രങ്ങളായ റിയാദ്, ജിദ്ദ, ദമാം എന്നീ വന്‍നഗരങ്ങള്‍ തമ്മിലുള്ള ദൂരവും പ്രവാസി ഇന്ത്യക്കാരുടെ എണ്ണവും കണക്കിലെടുത്ത് ഇവിടങ്ങളില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ ആരംഭിക്കണം.

ഈ മേഖലകളില്‍ രണ്ടും അതിലധികവും വലിയ ഇന്ത്യന്‍ എംബസി സ്കൂളുകളും അനുബന്ധ സൌകര്യങ്ങളും ഉണ്ട്.

ഇന്ത്യാ ഗവണ്‍മെന്റ് സൌദി ഗവണ്‍മെന്റമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ പ്രസ്തുത സ്കൂളുകളുടെ സൌകര്യങ്ങളോ നിലവിലുള്ള സ്കൂളുകളോടു ചേര്‍ന്ന് പുതിയ സൌകര്യങ്ങളോ ഏര്‍പ്പെടുത്തി ഇന്ത്യന്‍ ജനതയുടെ സാംസ്കാരികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പനോരമ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൌദി സന്ദര്‍ശനവേളയില്‍ ഈ വിഷയം സത്വരമായി പരിഗണിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. തുടര്‍ നടപടികള്‍ ആവശ്യപ്പെട്ടു നിവേദനത്തിന്റെ പകര്‍പ്പ് ഇന്ത്യന്‍ എംബസിക്കും ഇന്ത്യന്‍ അംബാസഡര്‍ക്കും നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം