ജോബ് ഫെസ്റ് ചരിത്രമായി: ദുബായി കെഎംസിസിക്ക് അഭിമാന മുഹൂര്‍ത്തം
Saturday, April 2, 2016 9:17 AM IST
ദുബായി: തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിച്ച് ദുബായി കെഎംസിസി സംഘടിപ്പിച്ച ജോബ് ഫെസ്റ് 2016 ചരിത്രമായി. ദുബായി കെഎംസിസിയുടെ പ്രവര്‍ത്തന വീഥിയില്‍ പുതിയൊരു അധ്യായമാണ് ഇതുവഴി തുന്നിചേര്‍ക്കപ്പെട്ടത്. 25 കമ്പനികളുടെയും സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നേരിട്ടെത്തി ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ആയിരത്തോളം വരുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തത്. 725 തസ്തികളിലേക്ക് നടന്ന ഇന്റര്‍വ്യൂ വഴി മുന്നൂറില്‍ പരം ആളുകള്‍ക്കാണു തൊഴില്‍ അവസരം ലഭിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 10 വരെ നീണ്ടു നിന്ന ജോബ് ഫെസ്റ് ദുബായി കമ്യൂണിറ്റി ഡവലപ്പ്മെന്റ് അതോറിറ്റിയുടെ ലൈസന്‍സ് വിഭാഗം തലവന്‍ പളനി ബാബു ഉദ്ഘാടനം ചെയ്തു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യഹ്യ തളങ്കര, അനീസ് ആദം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എ.സി. ഇസ്മായില്‍, ഒ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മൈ ജോബ് വിഭാഗം കണ്‍വീനര്‍ സിയാദ് എന്നിവര്‍ സംസാരിച്ചു. നേരെത്തെ ട്രെയിനര്‍മാരായ ബഷീര്‍ അഹമ്മദ് (ഇന്റര്‍വ്യൂവിന്റെ സമീപനങ്ങള്‍), സി.എ റസാഖ് (മൈന്റ് ട്യൂണ്‍), സി. മുനീര്‍ (ഡിജിറ്റല്‍ വേര്‍ഡ്) എന്നിവര്‍ ക്ളാസെടുത്തു. പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശേരി ഉദ്യോഗാര്‍ഥികള്‍ക്ക് ആശംസ അര്‍പ്പിച്ചു.

ദുബായി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എന്‍.കെ. ഇബ്രാഹിം സെക്രട്ടറിമാരായ ഇസ്മായില്‍ ഏറാമല, അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര, ആര്‍.ശുക്കൂര്‍, ഹനീഫ് കല്‍മട്ട, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ അരീകുറ്റി എന്നിവര്‍ സംബന്ധിച്ചു. ഹംസ പയ്യോളി, മുസ്തഫ വേങ്ങര, ഷിബു കാസിം, മുനീര്‍ ചെര്‍ക്കള, ഇബ്രാഹിം ഇരിട്ടി, മുഹമ്മദ് വള്ളിക്കുന്ന് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍