ഏപ്രില്‍ പിറന്നു, ജര്‍മനിയില്‍ മാറ്റങ്ങളും വരവായി
Friday, April 1, 2016 8:22 AM IST
ബെര്‍ലിന്‍: ഏപ്രില്‍ ഒന്ന് വെറും വിഡ്ഢിദിനമല്ല, സാമ്പത്തിക വിദഗ്ധര്‍ക്ക് പുതുവര്‍ഷപ്പിറവിയാണിത്. ലോകമെങ്ങും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന മാറ്റങ്ങള്‍ പലതും പ്രാബല്യത്തില്‍ വരുന്ന ദിവസവുമാണിത്. ഇക്കുറിയും ഏപ്രില്‍ ഒന്ന് ജര്‍മനിയെ കാത്തിരിക്കുന്നത് മാറ്റങ്ങളുടെ വലിയൊരു പട്ടിക തന്നെ. പ്ളാസ്റിക് സഞ്ചികള്‍ക്ക് വില ഈടാക്കുന്നതു മുതല്‍ ഫോണ്‍ കോളുകള്‍ക്ക് ചെലവു കുറയുന്നതു വരെ അതില്‍പെടും.

1. കെഎഫ്ഡബ്ള്യു മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബില്‍ഡിംഗ് പ്രോജക്ടുകള്‍ക്ക് കിട്ടാവുന്ന വായ്പ അമ്പതിനായിരം യൂറോയില്‍നിന്ന് ഒരു ലക്ഷമാക്കിയതാണ് ഒരു മാറ്റം. ഇതോടൊപ്പം ഊര്‍ജ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തിരിക്കുന്നു.

2. വസ്തുക്കളോ സേവനങ്ങളോ സംബന്ധിച്ച് ഉപയോക്താക്കളും കമ്പനികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാകുന്നു.

3. ഏപ്രില്‍ മുപ്പതു മുതല്‍ യൂറോപ്പിലാകമാനം ഫോണ്‍ കോളിനുള്ള ചാര്‍ജും സര്‍ഫിംഗിനുള്ള ചാര്‍ജും കുറയും. റോമിംഗ് നിരക്കിലെ നിയന്ത്രണവും പ്രാബല്യത്തിലാകും. എസ്എംഎസ്, ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ക്കും ഈ ഇളവു ലഭിക്കും.

4. മൂന്നര ടണ്ണിലധികം ഭാരം വഹിക്കുന്ന ട്രക്കുകള്‍ക്ക് ടോള്‍ വര്‍ധിക്കുന്നതാണ് മറ്റൊരു മാറ്റം.

5. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു കാരണവശാലും പ്ളാസ്റിക് ബാഗുകള്‍ സൌജന്യമായി നല്‍കാന്‍ പാടില്ലെന്ന നിയമം ഇനി കര്‍ക്കശമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍