ഫാ.പീറ്റര്‍ കാവുംപുറത്തിന് യാത്രയയപ്പു നല്കി
Thursday, March 31, 2016 6:21 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആദ്യ ചാപ്ളയിനും ക്യൂന്‍സിലാന്‍ഡ് റീജണ്‍ എപ്പിസ്കോപ്പല്‍ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയും സെന്റ് മേരീസ് മെല്‍ബണ്‍ വെസ്റ് ഇടവകയും സൂയുക്തമായി യാത്രയയപ്പു നല്കി.

മിഷനറീസ് ഓഫ് സെന്റ്െ തോമസ് സഭാംഗമായ ഫാ. പീറ്റര്‍ കാവുംപുറം 2011 ഫെബ്രുവരിയിലാണ് മെല്‍ബണിലെ വിശ്വാസി സമൂഹത്തിന്റെ ആവശ്യപ്രകാരം മുഴുവന്‍ സമയ ചാപ്ളയിനായി നിയമിക്കപ്പെടുന്നത്. മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ ചിതറികിടക്കുന്ന സീറോ മലബാര്‍ കുടുംബങ്ങളെ നേരില്‍ കാണുകയും വളര്‍ന്നു വരുന്ന തലമുറയെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ആവശ്യമായ മതബോധന ക്ളാസുകളും സ്വന്തമായ ദേവാലയങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

മെല്‍ബണിലെ സീറോ മലബാര്‍ സമൂഹത്തിന് സ്വന്തമായി ഒരു സ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചത് പീറ്ററച്ചന്റെ കഠിനപ്രയത്നത്തിന്റെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ്. മെല്‍ബണിലെ മിക്കലമില്‍ കത്തീഡ്രല്‍ ഇടവകയും മെല്‍ബണ്‍ വെസ്റ് ഇടവകയും സൂയുക്തമായി വാങ്ങിയ 15 എക്കര്‍ (അല്‍ഫോന്‍സ നഗര്‍), ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ സഭ സ്വന്തമാക്കിയ ആദ്യത്തെ സ്ഥലമായിരുന്നു. 2014 ജനുവരിയില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ കേന്ദ്രമായി സീറോ മലബാര്‍ രൂപത പ്രഖ്യാപിക്കുമ്പോള്‍ ഫാ.പീറ്റര്‍ കാവുംപുറമായിരുന്നു മെല്‍ബണ്‍ ചാപ്ളയിന്‍. ബ്രിസ്ബെയിന്‍ സമൂഹത്തെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ ആദ്യത്തെ ഇടവകയായി പ്രഖ്യാപിച്ചപ്പോള്‍ ആദ്യത്തെ വികാരിയായി നിയമിക്കപ്പെട്ടതും ഫാ. പീറ്റര്‍ കാവുംപുറം ആയിരുന്നു.

സാംഗ്ളി മിഷനിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫാ. പീറ്റര്‍ ഇന്ത്യയിലേക്ക് യാത്രയാകുന്നത്. ഫോക്നാര്‍ സെന്റ് മാത്യൂസ് ദേവാലായത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. പീറ്റര്‍ കാവുംപുറം മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ സഹകാര്‍മികനായിരുന്നു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, പീറ്റര്‍ അച്ചന്റെ മെല്‍ബണിലെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തന്റെ എല്ലാ ശുശ്രൂഷകളിലും പ്രവര്‍ത്തനനങ്ങളിലും സഹകരിച്ച എല്ലാവര്‍ക്കും ഫാ. പീറ്റര്‍ കാവുംപുറം നന്ദി പറഞ്ഞു.

ചടങ്ങുകള്‍ക്ക് ട്രസ്റിമാരായ ജയ്സ്റോ ജോസഫ്, ടിജോ ജോസഫ്, വിനു ജോസഫ്, സജി മാത്യു എന്നിവര്‍ നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍