ശ്രീ ശാരദാദേവി പരിക്രമ പന്ഥാവില്‍ ആയിരങ്ങള്‍ അണിചേരും
Friday, March 4, 2016 8:15 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷിക മഹോത്സവ ദിനമായ മാര്‍ച്ച് 26നു പ്രതിഷ്ഠിക്കുന്ന ശ്രീ ശാരദാദേവി വിഗ്രഹത്തിന്റെ ഒന്നാംദിന പരിക്രമം മാര്‍ച്ച് ആറിനു (ഞായര്‍) ദില്‍ഷാദ് ഗാര്‍ഡന്‍ ഗുരുമന്ദിരത്തില്‍നിന്നും സ്വാമി നാരായണ ഋഷിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച് വൈകുന്നേരം 7.15നു മെഹ്റോളിയില്‍ പര്യവസാനിക്കും.

തുടര്‍ന്നു 13 (ഞായര്‍) വരെ മെഹ്റോളി ഗുരുമന്ദിരത്തില്‍ പ്രത്യേക പൂജകളും സത്സംഗങ്ങളും സംഘടിപ്പിക്കും.

ദില്‍ഷാദ് ഗാര്‍ഡിനില്‍നിന്ന് ആരംഭിക്കുന്ന പരിക്രമത്തിനു വിവിധ മത-സാമുദായിക സംഘടനകളും ദേവി ഭക്തരും വിവിധ പ്രദേശങ്ങളില്‍ സ്വീകരണം നല്‍കും.

പരിക്രമത്തിനു യുണിയന്‍ പ്രസിഡന്റ് ടി.പി. മണിയാമിന്‍, വൈസ് പ്രസിഡന്റ് എം.ആര്‍. കോമളകുമാരന്‍, സെക്രട്ടറി മനോജ് കല്ലറ, ബോര്‍ഡ് അംഗം എം.കെ. അനില്‍കുമാര്‍, യൂണിയന്‍ കൌണ്‍സില്‍ അംഗങ്ങള്‍, വനിതാസംഘം ഭാരവാഹികള്‍, വിവിധ ശാഖാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.