ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു: അഡ്വ. ലാലി വിന്‍സെന്റ്
Saturday, February 13, 2016 10:27 AM IST
ഡാളസ്: യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന നൂറോളം പദ്ധതികള്‍ പൂര്‍ണമായോ, ഭാഗികമായോ പൂര്‍ത്തീകരിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജയിച്ചുവെങ്കിലും ഈ നേട്ടങ്ങളെക്കുറിച്ചു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ മുന്നണി പരാജയപ്പെട്ടുവെന്ന് കെപിസിസി ഉപാധ്യക്ഷ അഡ്വ. ലാലി വിന്‍സന്റ്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാലി വിന്‍സെന്റ്.

മുന്നണിക്കകത്തുള്ള പടലപിണക്കങ്ങളും കുതികാല്‍വെട്ടലും ഗ്രൂപ്പിസവും സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള വടംവലിയുമാണ് ഇതിനു വിഘാതം സൃഷ്ടിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പ്രതീക്ഷിച്ച വിജയം കൈവരിക്കുവാന്‍ കഴിയാതിരുന്നത് ഇതിന്റെ ചെറിയൊരു പ്രതിഫലനമായിരുന്നുവെങ്കില്‍ അടുത്തു നടക്കുവാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിഫലനമാണ് ഉണ്ടാകുക എന്ന് ലാലി വിന്‍സെന്റ് മുന്നറിയിപ്പു നല്‍കി.

കേരളത്തിലെ അമ്മമാരുടേയും, സഹോദരിമാരുടേയും, കുഞ്ഞുമക്കളുടേയും ടെക്സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം(ഹൂസ്റണ്‍) അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോബന്‍ കൊടുവത്ത്, പ്രദീപ് നാഗന്തൂലില്‍, ജോര്‍ജ് തോമസ്, ജോയ് ആന്റണി, ചാക്കൊ ഇട്ടി, ബാബു സൈമണ്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍