ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് വാര്‍ഷിക പൊതുയോഗം നടത്തി
Saturday, February 13, 2016 10:26 AM IST
ഷിക്കാഗോ: ക്രൈസ്തവ ആത്മീയ മേഖലയിലെ കൂട്ടായ്മയ്ക്ക് 32 വര്‍ഷത്തെ പാരമ്പര്യവുമായി ചിക്കാഗോയ്ക്ക് എന്നും അഭിമാനമായി നില്‍ക്കുന്ന എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.

ഫെബ്രുവരി ഒമ്പതിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന കൌണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് പണിക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് പി. മാത്യു വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റവ. മാത്യൂസ് ജോര്‍ജ് ധ്യാന പ്രസംഗത്തിനും റവ. ബിനോയ് പി ജേക്കബ് പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി. കാലം ചെയ്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, യൂഹാന്നോന്‍ മാര്‍ പീലക്സിനോസ് എന്നിവരുടെ സ്മരണയ്ക്കു മുമ്പില്‍ കൌണ്‍സില്‍ അനുശോചിച്ചു. ചടങ്ങില്‍ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ.അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍ സംസാരിച്ചു.

ലോക പ്രാര്‍ഥനാദിനം, കുടുംബസംഗമം, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങള്‍, ഹാര്‍മണി ഫെസ്റിവല്‍, കണ്‍വന്‍ഷന്‍, ക്രിസ്മസ് ആഘോഷം, ഭവനദാന പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൌണ്‍സിലിന്റെ തിളക്കം വര്‍ധിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കു നതൃത്വം നല്‍കിയവരെ യോഗം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം