ഡാളസ് കൌണ്ടിയില്‍ 'സിക' വൈറസ് പരിശോധന ഫെബ്രുവരി 15 മുതല്‍
Saturday, February 13, 2016 10:26 AM IST
ഡാളസ്: ഡാളസ് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഫെബ്രുവരി 15 തിങ്കള്‍ മുതല്‍ 'സിക' വൈറസ് പരിശോധന ആരംഭിക്കുമെന്ന് ഡിസിഎച്ച്എസ്. ഡയറക്ടര്‍ സാക്ക് തോംപ്സണ്‍ അറിയിച്ചു.

പുതിയതായി ആരംഭിച്ച ലബോറട്ടറിയില്‍ വൈറസ് പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. സാമ്പിളുകള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് (സിഡിസി)യിലേക്ക് അയയ്ക്കുകയാണെങ്കില്‍ മൂന്നും നാലും ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരുന്നതു ഒഴിവാക്കാന്‍ ഈ ലാമ്പുകള്‍ക്കാകുമെന്ന് സാക്ക് പറഞ്ഞു.

ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് എത്രയും വേഗം പരിശോധനാ ഫലം ലഭിക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം 15 വരെ പരിശോധനകള്‍ നടത്തുന്നതിനുള്ള സ്റാഫിനെ നിയമിച്ചിട്ടുണ്ട്. സിക, ചിക്കുന്‍ഗുനിയ, ഡെങ്കി തുടങ്ങിയ വൈറസുകളുടെ പരിശോധനയാണ് ഈ ലാബില്‍ ഉണ്ടായിരിക്കുക.

സിക വൈറസ് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ആദ്യമായി ഡോക്ടര്‍മാരെയാണ് സമീപിക്കേണ്ടതെന്ന് സാക്ക് തോംപ്സണ്‍ പറഞ്ഞു. കൊതുകളിലൂടെ പടരുന്ന രോഗമായതിനാല്‍ പരിസര ശുചീകരണവും കൊതുകു കടിയില്‍ നിന്നുള്ള സംരക്ഷണവും ആവശ്യമാണ്.

അമേരിക്കയിലെ ഡാളസിലാണ് വിദേശയാത്ര നടത്താത്ത ഒരാളില്‍ സിക വൈറസ് ആദ്യമായി കണ്െടത്തിയത്. ലൈംഗികബന്ധത്തിലൂടെയാണ് വൈറസ് ഈ രോഗികളില്‍ കടന്നുകൂടിയതെന്ന് കൌണ്ടി അധികൃതര്‍ പറഞ്ഞു. വിദേശയാത്രകഴിഞ്ഞു തിരിച്ചെത്തിയ വ്യക്തിയില്‍ പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇരുവരും ചികിത്സക്കുശേഷം രോഗവിമുക്തരായെന്നും അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍