ഫാ. ജയിംസ് നിരപ്പേലിന് സാന്റാ അന്നയില്‍ സ്നേഹോഷ്മളമായ സ്വീകരണം
Saturday, February 13, 2016 10:24 AM IST
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയയിലെ സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജയിംസ് നിരപ്പേലിന് ഇടവകാംഗങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ലോസ്ആഞ്ചലസില്‍ എത്തിച്ചേര്‍ന്ന ജയിംസച്ചനെ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. ജോണസ് ചെറുനിലത്ത് വിസി, ട്രസ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, പി.ആര്‍.ഒ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഫെബ്രുവരി ഏഴിനു വിശുദ്ധ കുര്‍ബാനമധ്യേ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിന്റെ നിയമനപത്രിക ഫാ. ജയിംസ് നിരപ്പേല്‍ വായിച്ചു. മുന്‍ വികാരിമാരായ റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍, റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, ഇടവകയിലെ മുന്‍കാല കൈക്കാരന്മാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, അത്മായ സംഘടനാ പ്രവര്‍ത്തകര്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഷിക്കാഗോ സെന്റ് തോമസ് രൂപതയിലെ ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ പത്തുവര്‍ഷത്തോളം സ്തുത്യര്‍ഹമായ ആത്മീയ സേവനത്തിനു ശേഷമാണ് സാന്റാ അന്ന പള്ളിയില്‍ വികാരിയായി ജയിംസ് അച്ചന്‍ നിയമിതനാകുന്നത്. മേരിലാന്റിലെ ബാള്‍ട്ടിമൂര്‍ അതിരൂപതയിലുള്ള ഹാഗേയ്സ് സെന്റ് മേരീസ് പള്ളിയിലും സെര്‍വാനാ പാര്‍ക്ക് സെന്റ് ജോണ്‍ പള്ളിയിലും പതിനൊന്നു വര്‍ഷക്കാലം അജപാലന ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്.

തലശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കാസര്‍ഗോഡ് ജില്ലയില്‍ മാലോം ഇടവകക്കാരനാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം