കേരള ബജറ്റ്; ശ്ശാഘിച്ചും ശപിച്ചും റിയാദിലെ പ്രവാസിസമൂഹം
Saturday, February 13, 2016 6:42 AM IST
റിയാദ്: ഐക്യാജനാധിപത്യ മുന്നണിക്കു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ഈ മന്ത്രിസഭയുടെ അവസാനത്തെ ബജറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പ്രവാസി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത്. അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി അതിനായി വലിയൊരു തുക വകയിരുത്തുകയും നെല്ല്, തേങ്ങ, റബ്ബര്‍ തുടങ്ങിയ കൃഷികളുടെ വികസനത്തിനും ക്ഷീരമേഖലക്കും മത്സ്യബന്ധന മേഖലക്കും പ്രത്യേക പരിഗണന നല്‍കിയതിനേയും സ്വാഗതം ചെയ്തതോടൊപ്പം പ്രവാസികള്‍ക്ക് അവഗണനയാണ് ഇടക്കാല ബജറ്റിലുണ്ടായതെന്ന പരിഭവവും പ്രവാസികള്‍ പങ്കു വെച്ചു. എന്നാല്‍ പ്രവാസി മലയാളികളുടെ സ്വപ്ന പദ്ധതിയായ കേരള എയര്‍സര്‍വ്വീസിനായി 10 കോടി വകയിരുത്തിയതിനെ പ്രവാസി സംഘടനകള്‍ സ്വാഗതം ചെയ്തു.

സര്‍വ്വതല സ്പര്‍ശിയായ ഇത്തവണത്തെ യുഡിഎഫ് ബജറ്റ് കേരളത്തെ വികസനത്തിന്റെ ഒരു പുതുചക്രവാളത്തിലേക്കുയര്‍ത്തുമെന്ന് ഒ.ഐ.സി.സി സൌദി നാഷണല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ പ്രവാസികളെ തീര്‍ത്തും അവഗണിക്കുകയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വെറും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്ന ഒരു കൂട്ടം വാഗ്ദാനങ്ങളടങ്ങിയ ഷോ ബജറ്റാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് നവോദയ റിയാദ് പറഞ്ഞു. പ്രവാസികളുടെ പുനരധിവാസത്തിനായി 12 കോടി രൂപ മാറ്റിവെക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. മുന്‍കാലങ്ങളിലെ യു.ഡി.എഫ് ബജറ്റുകളിലും ഇത്തരത്തില്‍ കോടികള്‍ മാറ്റി വെച്ചിരുന്നെങ്കിലും ഒരു രൂപയുടെ പുനരധിവാസ പ്രവര്‍ത്തനം പോലും നടന്നതായി കണ്ടിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നത് തുടരുകയാണ് പുതിയ ബജറ്റിലൂടെയെന്ന് നവോദയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സാധാരണക്കാരനേയും കേരളത്തിന്റെ കാര്‍ഷിക മേഖലയേയും മുന്നില്‍ കണ്ടുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച ജനപ്രിയ ബജറ്റിനെ എല്ലാ അര്‍ത്ഥത്തിലും സ്വാഗതം ചെയ്യുന്നതായി ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പറഞ്ഞു. പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ മുടക്കമില്ലാതെ തുടരുമെന്നും അതിനായി ആവശ്യത്തിന് തുക വകയിരുത്തിയതായും ബജറ്റ് പറയുന്നു. വന്‍പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ് കേരളജനതയോടൊപ്പമാണ് ഐക്യജനാധിപത്യ മുന്നണി എന്ന സൂചന നല്‍കുന്നു. നിര്‍ണ്ണായകഘട്ടങ്ങളില്‍ വീണ്ടും നിയമസഭയില്‍ നിന്നും ഒളിച്ചോട്ടം നടത്തുന്ന പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വരാഹിത്യം ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലും ഇടതുപക്ഷത്തിന് സാധിക്കാതെ വന്നിരിക്കുന്നു. ഗുണ്ടായിസവും അക്രമവുമാണ് ജനങ്ങളെ നേരിടാനുള്ള ആയുധമായി അവരുടെ പക്കലുള്ളത്. ഇതിനെതിരെ കേരള ജനത അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും വിധിയെഴുതുമെന്നും ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നാലു കൊല്ലം ബജറ്റവതരിപ്പിച്ച ധനകാര്യ മന്ത്രിയില്ലാതെ മുഖ്യമന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിന് വിശ്വാസ്യതയില്ലെന്നും ജനങ്ങളെ ഇനിയും ഇങ്ങിനെ പറ്റിക്കാന്‍ ഐക്യമുന്നണി സര്‍ക്കാരിനാകില്ലെന്നും ന്യൂ ഏജ് സാംസ്കാരിക വേദി പറഞ്ഞു. ധനകാര്യ മന്ത്രി അഴിമതി നടത്തിയാണ് പുറത്തായത്. നാലു കൊല്ലം കൊണ്ട് കേരളത്തെ പാപ്പരാക്കിയ യു.ഡി.എഫ് മുങ്ങിച്ചാകാനിരിക്കയെ വില്‍പത്രമെഴുതി കേരളജനതയെ വീണ്ടും വഞ്ചിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തിയത്. അത് കേരളജനത പുഛിച്ചു തള്ളുകയാണെന്നും ന്യൂ ഏജ് പറഞ്ഞു.

ബജറ്റ് സ്വാഗതാര്‍ഹമാണെന്നും ജനങ്ങളോടൊപ്പമാണ് യു.ഡി.എഫ് എന്നതിന്റെ തെളിവാണ് പുതിയ ബജറ്റെന്നും കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയ അഭിപ്രായപ്പെട്ടു. കഷ്ടതയനുഭവിക്കുകയും മാറാരോഗങ്ങള്‍ മൂലം ദുരിതത്തിലാവുകയും ചെയ്ത പാവങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ വലിയൊരു തുക പുതിയ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. വികസനത്തോടൊപ്പം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ആരോഗ്യമേഖലയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 521.74 കോടി രൂപ മാറ്റി വെച്ചത് എന്തുകൊണ്ടും ശ്ളാഘനീയമാണെന്നും സുബൈര്‍കുഞ്ഞ് ഫൌണ്േടഷന്‍ ഡയറക്ടര്‍ ഡോ. എസ്. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. എന്നാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുവാനാവി സംസ്ഥാനത്ത് പബ്ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തിന് ഇത്തവണയും പരിഗണന നല്‍കിയിട്ടില്ലെന്ന് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

പുതിയ കേരള ഇടക്കാല ബജറ്റിലും പ്രവാസി പുനരധിവാസത്തിനും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തുക വകയിരുത്തിയതിനെ നോര്‍ക്ക സൌദി പ്രതിനിധി ഷിഹാബ് കൊട്ടുകാട്, കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ കുട്ടി തെന്നല, ഇബ്രാഹിം സുബ്ഹാന്‍, ഒ.ഐ.സി.സി നേതാക്കളായ സലിം കളക്കര, ഇസ്മായില്‍ എരുമേലി, അഷ്റഫ് വടക്കേവിള, സത്താര്‍ കായംകുളം, നൌഫല്‍ പാലക്കാടന്‍, സജി കായംകുളം, ജമാല്‍ എരഞ്ഞിമാവ് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി മൊയ്തീന്‍ കോയ എം, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ശുല്‍ അഹമ്മദ് തുടങ്ങിയവരും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍