ദുബായി വിമാനത്താവളം യൂസേഴ്സ് ഫീസ് ഏര്‍പ്പെടുത്തുന്നു
Friday, February 12, 2016 8:24 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ദുബായി: ദുബായി വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും 35 ദിര്‍ഹം ഏതാണ്ട് 680 രൂപ (09 യൂറോ) യൂസേഴ്സ് ഫീസ് ഏര്‍പ്പെടുത്താന്‍ ദുബായി എയര്‍പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു.

ജൂലൈ ഒന്നു മുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നികുതി മാര്‍ച്ച് ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ബാധകമായിരിക്കും. ദുബായി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങള്‍ക്ക് നികുതി എന്ന ഇനത്തിലാണ് പുതിയ യൂസേഴ്സ് ഫീസ് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ യുഎഇ രാജ്യത്തേയ്ക്ക് നികുതി 75 ദിര്‍ഹം, സുരക്ഷാ സംവിധാനങ്ങള്‍ക്ക് 5 ദിര്‍ഹം, യാത്രാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി 5 ദിര്‍ഹം എന്നിങ്ങനെ മൊത്തം 85 ദിര്‍ഹം യാത്രക്കാര്‍ നല്‍കുന്നുണ്ട്. ഈ നികുതികള്‍ക്ക് പുറമെയാണ് പുതിയ യൂസേഴ്സ് ഫീസ് കൊണ്ടുവരുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ യുഎഇ -യില്‍ ഏതാണ്ട് 1300 രൂപ ടാക്സ് ഇനത്തിലും നല്‍കുന്നുമുണ്ട്.

പുതിയ തീരുമാനം യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ക്ക് അധിക നിരക്ക് നല്‍കണം. യൂസേഴ്സ് ഫീസ് ടിക്കറ്റിനോടൊപ്പമാണ് ഈടാക്കുന്നത്. ദുബായി വിമാനത്താവളം വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും യൂസേഴ്സ് ഫീസ് നല്‍കണം. രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളേയും വിമാന ജോലിക്കാരേയും ഒഴിവാക്കിയിട്ടുണ്ട്.

യൂസേഴ്സ് ഫീസ് യൂറോപ്പ്, ഇംഗ്ളണ്ട്, കാനഡ, അമേരിക്കാ എന്നീ രാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസികളുടെ സാമ്പത്തിക ചെലവു വര്‍ധിപ്പിക്കും. രണ്ടു വര്‍ഷം മുമ്പ് എമിരേറ്റ്സ് എയര്‍ലൈന്‍സ് വീക്ക്എന്‍ഡ് സര്‍ചാര്‍ജ് (വെള്ളി- ശനി-ഞായര്‍ ദിവസങ്ങളിലെ ഫ്ളൈറ്റുകള്‍ക്ക് അധിക വില) ഏര്‍പ്പെടുത്തുകയും അധികം താമസിയാതെ മറ്റു എയര്‍ലൈനുകളും ഈ വീക്ക്എന്‍ഡ് സര്‍ചാര്‍ജ് ഈടാക്കുകയും ചെയ്തു.

ദുബായിക്കുശേഷം മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളും മറ്റു രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളും യാത്രക്കാരെ പിഴിയുന്ന ഈ പുതിയ യൂസേഴ്സ് ഫീസ് കൊണ്ടുവരാന്‍ സാധ്യത ഉള്ളതായി പ്രവാസി യാത്രക്കാര്‍ ബലമായി സംശയിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍