ഡോയ്റ്റ്ഷെ ബാങ്ക് ആശങ്കയില്‍ ?
Thursday, February 11, 2016 11:07 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റിഷെ ബാങ്ക് ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നാല്പതു ശതമാനം മൂല്യം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ നിക്ഷേപകര്‍ ആശങ്കയിലുമായി.

കഴിഞ്ഞ 20 വര്‍ഷം തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഈ തളര്‍ച്ച. യുഎസിലേതടക്കം വമ്പന്‍ ഇന്‍വെസ്റ്മെന്റ് ബാങ്കുകള്‍ക്കു വെല്ലുവിളിയാകുമെന്നു കരുതപ്പെട്ട ഡോയ്റ്റിഷെ ബാങ്കിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടതാണ് ഇതിനു കാരണമായത്.

തകര്‍ച്ച നേരിട്ട ബാങ്കില്‍നിന്ന് കഴിഞ്ഞ വര്‍ഷം കോ സിഇഒമാര്‍ രാജിവച്ചു രക്ഷപെട്ടു. പുതിയ സിഇഒ ജോണ്‍ ക്രയാന്‍ ആകട്ടെ, തകര്‍ച്ച നേരിട്ട പല സ്ഥാപനങ്ങളെയും കരകയറ്റിയ ചരിത്രത്തിനു ഉടമയും.

നിക്ഷേപകര്‍ ഇപ്പോഴും ആശങ്കയില്‍ തുടരുന്നതാണ് പല നടപടികള്‍ എടുത്തിട്ടും ബാങ്കിന്റെ ഓഹരികള്‍ തിരിച്ചു കയറാതിരിക്കാന്‍ കാരണം. ഇതു ക്രയാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷൊയ്ബ്ളെ അടക്കമുള്ളവര്‍ നിക്ഷേപകരെ സമാശ്വസിപ്പിച്ചു മടുത്തു കഴിഞ്ഞു. ജീവനക്കാരുടെയും ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ളവരുടെയും പരിദേവനങ്ങള്‍ വേറെ.

ഡോയ്റ്റിഷെ ബാങ്കിനുണ്ടാകുന്ന ഏതു തളര്‍ച്ചയെയും ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ ആകെ ബാധിക്കുമെന്ന് ഉറപ്പാണ്. ജര്‍മനിയുടെ ക്ഷീണം യൂറോപ്പിനും ക്ഷീണമാകും. അതുകൊണ്ടുതന്നെ ഡോയ്റ്റിഷെ ബാങ്കിന്റെ പോക്ക് യൂറോപ്പിനാകെ ആശങ്കകളാണു സമ്മാനിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍